രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ചർച്ചചെയ്യാതെ കെപിസിസി നേതൃയോഗം.ഓൺലൈനായി ചേർന്ന യോഗത്തിൽ വിഷയം ചർച്ച ചെയ്യേണ്ടെന്ന് ആദ്യം തന്നെ നിർദ്ദേശം നൽകി. സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം പോരടിക്കുന്നത് അവസാനിപ്പിക്കണമെന്നും നേതൃയോഗത്തിൽ നിർദേശം നൽകിയിട്ടുണ്ട്. രാഹുലിന്റെ സസ്പെൻഷനോടെ വിവാദം അവസാനിച്ചെന്നും അത് അടഞ്ഞ അധ്യായമാണെന്നും മുതിർന്ന നേതാക്കൾ ഉൾപ്പെടെ പ്രതികരിച്ചിരുന്നു.

രാഹുലിനെതിരെ പാർട്ടി ശക്തമായ നടപടിയെടുത്തെന്നും സിപിഐഎമ്മിനോ ബിജെപിക്കോ ഇത് സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിന്റെ പ്രതിരോധം. എന്നാൽ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ നേതൃത്വത്തെ അറിയിച്ചു. വിവാദം അവസാനിപ്പിക്കാൻ നേതൃത്വം ശ്രമം നടത്തുമ്പോൾ, കോൺഗ്രസ് അനുകൂല സൈബർ ഹാൻഡിലുകൾ തമ്മിലെ തർക്കം അതിരൂക്ഷമായി തുടരുകയാണ്. വിമർശനം ഉന്നയിച്ചതിന്റെ പേരിൽ തനിക്ക് നേരെ ഉണ്ടായ സൈബർ ആക്രമത്തിന് മറുപടിയുമായി കോൺഗ്രസ് ഡിജിറ്റൽ മീഡിയാ സെൽ അംഗം താരാ ടോജോ അലക്സ് രംഗത്തെത്തി. പുറത്താക്കപ്പെട്ടവന്റെ ഫാൻസ് അസോസിയേഷനും വെട്ടുകിളികളും നടത്തുന്ന അക്രമണത്തിൽ ഭയക്കില്ലെന്ന് പ്രതികരണം.


