അയോദ്ധ്യയിൽ ഉയരുന്ന രാമക്ഷേത്രത്തിനായി രാജ്യമെമ്പാടും നടന്ന ധനസമാഹരണ യജ്ഞം 45 ദിവസത്തിന് ശേഷം ശനിയാഴ്ച അവസാനിച്ചിരുന്നു. ധനസമാഹരണ യജ്ഞത്തിലൂടെ 2,100 കോടി രൂപ സമാഹരിച്ചതായി ട്രസ്റ്റുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ക്ഷേത്ര സമുച്ചയം നിർമ്മിക്കുന്നതിനായി 1100 കോടി രൂപയാണ് ട്രസ്റ്റ് കണക്കാക്കിയിരുന്നത്. എന്നാൽ പ്രതീക്ഷിച്ചതിലും ആയിരം കോടി അധികം ലഭിച്ച സന്തോഷത്തിലാണ് ട്രസ്റ്റ് അംഗങ്ങൾ ഇപ്പോൾ.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു പോലും ജനം ഇരു കൈയ്യും നൽകിയാണ് ക്ഷേത്ര നിർമ്മാണ പ്രവർത്തികളിൽ പങ്കാളികളാവാൻ മുന്നോട്ട് വന്നത്. ഹിന്ദുസമുദായത്തിന് പുറത്തുള്ളവരും ക്ഷേത്രനിർമ്മാണത്തിനായി ഉദാരമായി സംഭാവന ചെയ്തിരുന്നു. കറൻസിക്ക് പുറമേ സ്വർണം, വെള്ളി എന്നീ രൂപത്തിലും സംഭവനകൾ അയോദ്ധ്യയിലേക്ക് പ്രവഹിച്ചിരുന്നു. ഇതിന്റെ മൂല്യം കണക്കാക്കിയിട്ടില്ല. ഒരു ഘട്ടത്തിൽ ഇനിയും വെള്ളി ക്ഷേത്രത്തിലേക്ക് സംഭാവന ചെയ്യരുതെന്ന് ട്രസ്റ്റിന് ഭക്തരോട് അപേക്ഷിക്കേണ്ട അവസ്ഥയുണ്ടായിരുന്നു. വെള്ളിക്കട്ടകൾ സൂക്ഷിക്കുവാൻ ലോക്കറുകളിൽ സ്ഥലമില്ലാത്തതിനെ തുടർന്നായിരുന്നു ഇത്.


