തെരഞ്ഞെടുപ്പ് കമ്മീഷൻറെ തീരുമാനം സുപ്രീം കോടതിയും ശരിവെച്ചു.കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് അനുകൂലമായ വിധിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻറെ തീരുമാനം ചോദ്യം ചെയ്താണ് ജോസഫ് വിഭാഗം സുപ്രീം കോടതിയെ സമീപിച്ചത്. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് ജോസഫ് വിഭാഗം കോടതിയെ അറിയിച്ചത്. എന്നാൽ കോടതി ഇത് പരിഗണിച്ചില്ല.
ജോസഫ് വിഭാഗത്തിനും യു.ഡി.എഫിനും അപ്രതീക്ഷിതമായിരുന്നു രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് നൽകിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻറെ വിധി. മാണിക്ക് ശേഷം പാർട്ടിയിലെ പിളർപ്പിൽ ജോസഫ് വിഭാഗത്തെ ചേർത്തു നിർത്തി മുന്നോട്ടു പോകാനാണ് യു.ഡി.എഫ് തീരുമാനിച്ചത്. സി.എഫ് തോമസ്, ജോയി എബ്രഹാം തുടങ്ങിയ മാണി വിഭാഗത്തിലെ പ്രമുഖർ ജോസഫ് വിഭാഗത്തിനൊപ്പം അണി നിരന്നതും യു.ഡി.എഫ് നടപടിയെ സ്വാധീനിച്ചു.


