മ്യാവൂ മ്യാവൂ എന്ന വിളിയുമായി വീടിൻ്റെ പരിസരത്തും മറ്റും നിത്യസാന്നിധ്യമാണ് പൂച്ചകൾ. രൂപത്തിലും ഭാവത്തിലും ഓമനത്വമൊക്കെ തോന്നുമെങ്കിലും പൂച്ചകളെ കുറിച്ച് അത്ര ശുഭകരമല്ലാത്ത വാർത്തയാണിപ്പോൾ പുറത്തുവരുന്നത്. ലോകമെമ്പാടുമുള്ള വന്യജീവികൾ വളർത്തുപൂച്ചയാൽ ബാധിക്കപ്പെടുന്നുവെന്നാണ് പുതിയ പഠനം നൽകുന്ന സൂചന. ആഗോളതലത്തിൽ തന്നെ ഇത്തരമൊരു പഠനം ഇതാദ്യമാണ്.

സംരക്ഷണ വിഭാഗത്തിൽപ്പെടുന്നതടക്കമുള്ള ആയിരക്കണക്കിന് ഇനങ്ങളിൽപ്പെട്ട വന്യജീവികളെ പൂച്ചകൾ ആക്രമിച്ചു കൊല്ലുന്നതായാണ് റിപ്പോർട്ട്. അലഞ്ഞുനടക്കുന്ന വളർത്തുപൂച്ചകളെ കേന്ദ്രീകരിച്ചുള്ളതാണ് പുതിയ പഠനറിപ്പോർട്ട്.
ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് പൂച്ചകളില്ലാത്ത ഇടങ്ങളിൽ പോലും മനുഷ്യരുടെ സഹായത്താൽ പൂച്ചകൾ എത്തിപ്പെട്ടു. നിലവിൽ അന്റാർട്ടിക്ക ഒഴികെയുള്ള ഭൂഖണ്ഡങ്ങളിൽ പൂച്ചകളുടെ സാന്നിധ്യമുണ്ട്. പക്ഷികൾ, സസ്തനികൾ, ഉരഗങ്ങൾ, പ്രാണികൾ എന്നിവയും പൂച്ചകളുടെ ആഹാരത്തിൽ അടങ്ങുന്നു. സംരക്ഷിത വിഭാഗത്തിൽപ്പെടുന്ന 17 % ജീവജാലങ്ങളെയും പൂച്ചകൾ ആഹാരമാക്കുന്നുണ്ട്.
ദ്വീപുകളിലാണ് പൂച്ചകൾ കൂടുതലായി നാശം വിതയ്ക്കുന്നതെന്നും നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിൽ പറയുന്നു. ഇത്തരം പ്രദേശങ്ങളിൽ ഇവ സാധാരണ ആഹാരമാക്കുന്നതിന്റെ മൂന്നിരട്ടിയോളം ഭക്ഷിക്കുന്നതായിട്ടാണ് കണ്ടെത്തൽ. ന്യൂസിലൻഡ് ക്വയൽ അടക്കമുള്ള പക്ഷികൾ പൂച്ചകൾ മൂലം ഭൂമിയിൽനിന്ന് തുടച്ചുനീക്കപ്പെട്ടു. ന്യൂസിലൻഡിൽ പൂച്ചകളെ പൂർണമായും ഒഴിവാക്കണമെന്ന ആവശ്യം ഇതിനകം ഉയർന്നു കഴിഞ്ഞു.

ഓസ്ട്രേലിയയാണ് പൂച്ചശല്യം ഏറ്റവുമധികം നേരിടുന്ന മറ്റൊരു രാജ്യം. രാജ്യത്ത് മാത്രം പ്രതിവർഷം 30 കോടി മൃഗങ്ങളാണ് പൂച്ചകളുടെ ആക്രമണത്തിൽ ചത്തൊടുങ്ങുന്നത്. ജർമൻ നഗരമായ വാൾഡ്രോഫിൽ വസന്തകാലത്ത് പൂച്ചകളെ വീട്ടിനുള്ളിൽ തന്നെ മൂന്ന് മാസത്തോളം കഴിയാൻ ഉടമസ്ഥർ അനുവദിക്കും. വംശനാശ ഭീഷണി നേരിടുന്നതും വസന്തകാലത്ത് ബ്രീഡ് ചെയ്യുന്നതുമായ ക്രെസ്റ്റഡ് ലാർക്ക് പക്ഷികളുടെ സംരക്ഷണമാണ് ഇതുകൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്.
തിരിച്ചറിഞ്ഞവയിൽ ഒൻപത് ശതമാനം പക്ഷികൾ, ആറ് ശതമാനം സസ്തനികൾ, നാല് ശതമാനം ഉരഗങ്ങൾ എന്നിവയെ പൂച്ചകൾ ആഹാരമാക്കുന്നുവെന്നാണ് പഠനത്തിലെ പ്രധാനമായ കണ്ടെത്തലുകളിലൊന്ന്. ലഭ്യമായ ആഹാരം മതിയാകുവോളം അകത്താക്കുന്ന സ്വഭാവക്കാർ കൂടിയാണ് പൂച്ചകൾ. പൂച്ചകളുടെ ഈ സ്വഭാവത്തിന് ഒരു പരിഹാരവും അധികൃതർ മുന്നോട്ട് വെയ്ക്കുന്നുണ്ട്. രാത്രിയിൽ പൂച്ചകളെ വീട്ടിനുള്ളിൽ തന്നെ കഴിയാൻ സമ്മതിക്കുന്നത് പ്രാദേശിക ജീവജാലങ്ങൾ ഉൾപ്പെടുന്ന വനസമ്പത്ത് കുറയാതിരിക്കാൻ കാരണമാകുമെന്നാണ് റോയൽ സൊസൈറ്റി ഫോർ ദ പ്രൊട്ടക്ഷൻ ഓഫ് ബേഡ്‌സിലെ (ആർഎസ്‌പിബി) വിദഗ്‌ധർ പറയുന്നത്. പൂച്ചകൾക്ക് മണികെട്ടുന്നതും പോംവഴിയായി നിർദേശിക്കപ്പെടുന്നു.


