മൂന്നാം തവണയും പ്രധാനമന്ത്രിയാകുമെന്ന് പ്രഖ്യാപിച്ച് നരേന്ദ്ര മോദി. തന്റെ മൂന്നാം ടേമിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സാമ്പത്തിക ശക്തികളിലൊന്നായി മാറുമെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. ഇത് താൻ ഉറപ്പ് നൽകുന്നതായും അദ്ദേഹം അടിവരയിട്ടു.

ഡൽഹിയിലെ പ്രഗതി മൈതാനിയിൽ രാജ്യാന്തര എക്സിബിഷൻ – കൺവെൻഷൻ സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യാന്തര എക്സിബിഷൻ – കൺവെൻഷൻ സെന്ററിനെ ‘ഭാരത് മണ്ഡപം’ എന്ന് പുനർനാമകരണം ചെയ്യുകയുമുണ്ടായി.

‘എന്റെ മൂന്നാം ടേമിൽ ഇന്ത്യ മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളുടെ കൂട്ടത്തിൽ നിൽക്കും. ഇത് മോദിയുടെ ഉറപ്പാണ്’ – അദ്ദേഹം പറഞ്ഞു.
തങ്ങളുടെ ഒന്നാം ടേമിൽ സമ്പദ്വ്യവസ്ഥയുടെ കാര്യത്തിൽ ഇന്ത്യ ആദ്യ പത്തിൽ ആയിരുന്നു. തന്റെ രണ്ടാം മേടിൽ ഇന്ത്യ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറി. ട്രാക്ക് റെക്കോർഡിന്റെ അടിസ്ഥാനത്തിൽ, മൂന്നാം ടേമിൽ സമ്പദ്വ്യവസ്ഥ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സ്ഥാനങ്ങളിൽ
ഉൾപ്പെടുമെന്ന് താൻ രാജ്യത്തിന് ഉറപ്പ് നൽകുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 13.5 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറി. ഇന്ത്യയിലെ കടുത്ത ദാരിദ്ര്യം അവസാനിക്കാനിരിക്കുകയാണെന്ന് അന്താരാഷ്ട്ര ഏജൻസികളും പറയുന്നു. കഴിഞ്ഞ ഒമ്പത് വർഷമായി കൈക്കൊണ്ട തീരുമാനങ്ങളും നയങ്ങളും രാജ്യത്തെ ശരിയായ ദിശയിലേക്ക് കൊണ്ടുപോകുന്നുവെന്ന് ഇത് കാണിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ പ്രതിച്ഛായ ഉയർത്തുന്ന രാജ്യാന്തര എക്സിബിഷൻ – കൺവെൻഷൻ സെന്ററിനെ ചിലർ തടയാൻ ശ്രമിച്ചതായും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.


