മുഖ്യമന്ത്രി വി.ഡി.സതീശനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വ്യാജ ചിത്രം നിർമിച്ച് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതിന് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഉള്ളിയേരി നാറാത്ത് കരുണൻ ചാലിനെയാണ് അത്തോളി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഉള്ളിയേരി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷമീൻ പുളിക്കൂലിന്റ പരാതിയിലാണ് കരുണനെതിരെ കേസെടുത്തത്. നവ മാധ്യമത്തിലൂടെ എ ഐ നിർമ്മിത ഫോട്ടോ പ്രദർശിപ്പിച്ച് അപക കീർത്തിപ്പെടുത്താനും നാട്ടിൽ രാഷ്ട്രീയ സ്പർദ്ധ വളർത്താനും ഇയാൾ ബോധപൂർവ്വം ശ്രമിച്ചെന്നാണ് പരാതി.
മുഖ്യമന്ത്രി, ഡി ജി പി , സൈബർ സെൽ എന്നിവർക്കും പരാതി നൽകിയിരുന്നു. ബി എൻ എസ് 192, പോലീസ് ആക്ട് 120 ( 0 ) എന്നീ വകുപ്പുകൾ പ്രകാരമായിരുന്നു കേസെടുത്തത്.പ്രധാനമന്ത്രിയുടെ ഷൂസിൽ മുഖ്യമന്ത്രി മുത്തം വയ്ക്കുന്ന തരത്തിൽ വ്യാജമായി സൃഷ്ടിച്ച ചിത്രമാണ് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്.


