മുഖ്യമന്ത്രിക്കെതിരേ വിമാനത്തിനുള്ളിൽ നടന്ന പ്രതിഷേധ സംഭവവുമായി ബന്ധപ്പെട്ട് ഇൻഡിഗോ സ്വീകരിച്ച ശിക്ഷാ നടപടിക്കെതിരേ വീണ്ടും ഇടത് മുന്നണി കൺവീനർ ഇ.പി ജയരാജൻ. വിമാനത്തിനുള്ളിൽ അതിക്രമം കാട്ടിയവർക്ക് ഏർപ്പെടുത്തിയതിനെക്കാൾ കൂടുതൽ കാലം ഇൻഡിഗോ കമ്പനി തനിക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയത് തെറ്റാണെന്ന് ഇ.പി കുറ്റപ്പെടുത്തി. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഗുരുതരമായ തെറ്റാണ് ഇൻഡിഗോ ചെയ്തതെന്നും പറ്റിയത് പിശകാണെന്ന് അവർ സമ്മതിക്കണമെന്നും ഇ.പി ആവശ്യപ്പെട്ടു.

‘ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഗുരുതരമായ തെറ്റാണ് ഇൻഡിഗോ മാനേജ്മെന്റ് ചെയ്തത്. ഒരു മുഖ്യമന്ത്രിക്കെതിരേ വിമാനത്തിനകത്ത് പ്രതിഷേധിച്ച സംഭവം ഇന്ത്യയുടെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിക്കെതിരേ കറുത്ത കൊടി ഉയർത്തി മൂന്ന് പേർ ചാടി അടുക്കുകയാണ്. എന്റെ പാർട്ടി നേതാവിനെ എന്റെ കൺമുന്നിൽവെച്ച് ആക്രമിക്കാൻ പോകുമ്പോൾ ഞാൻ ആ കാഴ്ചകണ്ടുനിൽക്കുമെന്ന് നിങ്ങൾ ആരെങ്കിലും ധരിക്കുന്നുണ്ടോ? ഞാൻ അതിനെ പ്രതിരോധിച്ചു. അത് വിമാന കമ്പനിയുടെ അന്തസ് കാത്തുസൂക്ഷിക്കുകയായിരുന്നു. മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടിട്ടുണ്ടെങ്കിൽ എന്തായിരിക്കും ആ വിമാനത്തിന്റെ അവസ്ഥ? അക്കാര്യമൊന്നും വിമാനക്കമ്പനിക്കാർ പരിശോധിച്ചില്ല’, ഇ.പി പറഞ്ഞു

അക്രമിക്കാൻ വേണ്ടി കൊടിയും വടിയും എടുത്ത് വിമാനത്തിൽ കയറി ആക്രമണോത്സുകമായ സാഹചര്യം സൃഷ്ടിച്ചവർക്ക് വിമാനക്കമ്പനി നൽകിയ ശിക്ഷ രണ്ടാഴ്ചത്തെ യാത്രാവിലക്കും അക്രമണത്തെ പ്രതിരോധിച്ച തനിക്ക് ലഭിച്ച ശിക്ഷ മൂന്നാഴ്ചയും. എന്താണ് അതിന്റെ അർഥം? ഞാൻ അവരെക്കാൾ വലിയ കുറ്റവാളിയെന്നല്ലേ. ചെയ്തത് ശരിയാണോ? അത് തെറ്റായ നടപടിയായിരുന്നു. ആ സാഹചര്യത്തിലാണ് അവരുടെ വിമാനത്തിലേ ഇനി കയറുന്നില്ലെന്ന് പറഞ്ഞത്. അതിനുശേഷം കഴിഞ്ഞ ഒരുവർഷക്കാലമായി അവരുടെ വിമാനത്തിൽ കയറിയിട്ടില്ലെന്നും ഇപി പറഞ്ഞു.

ആരേയും മാപ്പ് പറയിക്കാൻ ആഗ്രഹിക്കുന്ന ആളല്ല. മാപ്പ് പറയിക്കുന്നത് പഴയ ഫ്യൂഡൽ സംസ്ക്കാരത്തിന്റെ ഭാഗമാണ്. പക്ഷേ, തെറ്റുപറ്റിയെന്ന് അവർ പറയേണ്ടേ. ഇൻഡിഗോ കമ്പനിയുമായി ബന്ധപ്പെട്ട പല അധികാരികളും എന്നെ ഫോണിൽ വിളിച്ചിരുന്നു. പറ്റിയത് പിശകായി പോയെന്നും പറഞ്ഞു. എന്നാൽ, വിമാനത്തിൽ കയറില്ല എന്നത് ഞാൻ മാധ്യമങ്ങൾക്ക് മുന്നിൽവെച്ച് നടത്തിയ പ്രസ്താവനയാണ്. അതുകൊണ്ട് ഇക്കാര്യം മാധ്യമങ്ങളോട് പറയണമെന്നും അപ്പോൾ നമ്മൾ തമ്മിലുള്ള അകൽച്ച കുറയ്ക്കാമെന്നും അവരോട് പറഞ്ഞിട്ടുണ്ട്. പിശക് അവർ തിരുത്തിയാൽ അപ്പോൾ ആലോചിക്കാമെന്നും ഇപി പറഞ്ഞു.


