ഇന്ത്യൻ പ്രീമിയർ ലീഗിൽ കരുത്തരായ മുംബൈ ഇന്ത്യൻസിനെ തകർത്ത് പഞ്ചാബ് കിങ്സ് പോയിൻ്റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ഉറപ്പിക്കുകയും ക്വാളിഫയർ 1 ബർത്തും നേടി. ഇതിനകംതന്നെ പ്ലേഓഫ് കടന്ന ഇരുടീമുകളും പോയിൻ്റ് പട്ടികയിൽ തലപ്പത്തെത്താനാണ് ഇന്നത്തെ മത്സരത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്. ജയത്തോടെ പഞ്ചാബ്, ഗുജറാത്തിനെ മറികടന്ന് ഒന്നാംസ്ഥാനത്തെത്തി. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ് മുംബൈ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്‌ടത്തിൽ 184 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് ഏഴുവിക്കറ്റുകൾ കൈയിലിരിക്കേ 18.3 ഓവറിൽ ലക്ഷ്യം മറികടന്നു. സ്കോർ: 187/ 3 (18.3 ഓവർ). വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസും ഓപ്പണർ പ്രിയാംശ് ആര്യയുമാണ് പഞ്ചാബിൻ്റെ വിജയശിൽപികളിൽ പ്രധാനികൾ. നേരത്തേ മുംബൈക്കായി സൂര്യകുമാർ യാദവ് അർധ സെഞ്ചുറി കുറിച്ചിരുന്നു.
മുംബൈ ഉയർത്തിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന് അഞ്ചാം ഓവറിൽ ഓപ്പണർ പ്രഭ്‌സിമ്രാൻ സിങ്ങിനെ (16 പന്തിൽ 13) നഷ്‌ടപ്പെട്ടെങ്കിലും പ്രിയാംശ് ആര്യയും ഇംഗ്ലിസും ചേർന്ന് രണ്ടാംവിക്കറ്റിൽ 109 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. കേവലം 9.5 ഓവറിൽനിന്നായിരുന്നു ഈ പാർട്ട്ണർഷിപ്പ്. അതോടെത്തന്നെ കളി ഏതാണ്ട് പഞ്ചാബിൻ്റെ വരുതിയിലായി. 35 പന്തിൽ രണ്ട് സിക്‌സും ഒൻപത് ബൗണ്ടറിയും ഉൾപ്പെടെ 62 റൺസ് കുറിച്ച പ്രിയാംശ്, 15-ാം ഓവറിൽ മടങ്ങി. 42 പന്തിൽ മൂന്ന് സിക്‌സും ഒൻപത് ഫോറും സഹിതം 73 റൺസ് നേടിയ ഇംഗ്ലിസ് 18-ാം ഓവറിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി. മിച്ചൽ സാൻ്റ്നറാണ് രണ്ട് വമ്പനടിക്കാരെയും മടക്കിയത്.

തുടർന്ന് ഒരുമിച്ച ക്യാപ്റ്റൻ ശ്രേയസ് അയ്യരിനും നെഹാൽ വധേരയ്ക്കും കാര്യമായ പണിയുണ്ടായിരുന്നില്ല. 15 പന്തുകൾ ബാക്കിയിരിക്കേ 14 റൺസ് മാത്രമേ ജയിക്കാൻ വേണ്ടിയിരുന്നുള്ളൂ. സമ്മർദം ഒട്ടുമില്ലാതെ ബാറ്റുവീശിയ അയ്യർ 16 പന്തിൽനിന്ന് 26 റൺസ് നേടി ടീമിനെ വിജയിപ്പിച്ചു. അവസാന പന്തിൽ ജയിക്കാൻ നാലുറൺസ് വേണമെന്നിരിക്കേ, സിക്സടിച്ച് സ്റ്റൈലിഷായാണ് അയ്യർ ക്വാളിഫയർ 1 ബർത്തിലേക്ക് ടീമിനെ നയിച്ചത്. വധേര രണ്ട് റൺസെടുത്തു. ജസ്പ്രീത് ബുംറയ്ക്ക് ഒരു വിക്കറ്റുണ്ട്.
നേരത്തേ മുംബൈ നിശ്ചിത 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുത്തു. അർധസെഞ്ചുറി നേടിയ സൂര്യകുമാർ യാദവിൻ്റെ മികവിലാണ് മുംബൈ ഭേദപ്പെട്ട സ്കോർ കണ്ടെത്തിയത്. 39 പന്തിൽ രണ്ട് സിക്‌സും ആറ് ബൗണ്ടറിയും സഹിതം 57 റൺസാണ് സൂര്യകുമാർ നേടിയത്. അർഷ്ദീപ് സിങ് എറിഞ്ഞ ഇരുപതാം ഓവറിലെ അവസാന പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങിയാണ് സൂര്യകുമാർ പുറത്തായത്. ഇതിനിടെ സൂര്യകുമാർ യാദവ് മറ്റൊരു റെക്കോഡ് സ്വന്തം പേരിൽ കുറിച്ചു. ടി20 ക്രിക്കറ്റിൽ തുടർച്ചയായി 14 തവണ 25-ലധികം റൺസ് നേടുന്ന ലോകത്തെ ആദ്യ താരമെന്ന നേട്ടമാണ് അദ്ദേഹം സ്വന്തമാക്കിയത്.
ദക്ഷിണാഫ്രിക്കയുടെ ടെംബ ബാവുമയുടെ (13) റെക്കോഡാണ് സൂര്യകുമാർ പഴങ്കഥയാക്കിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ റിയാൻ റിക്കൽട്ടണും രോഹിത് ശർമയും ചേർന്ന് 45 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. റിക്കൽട്ടൺ 20 പന്തിൽ 27 റൺസും രോഹിത് 21 പന്തിൽ 24 റൺസും നേടി. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (26), നാമൻ ധിർ (20), വിൽ ജാക്‌സ് (17), തിലക് വർമ (1), മിച്ചൽ സാന്റ്നർ (1*) എന്നിങ്ങനെയാണ് മറ്റു സ്കോറുകൾ. പഞ്ചാബിനായി അർഷ്‌ദീപ് സിങ്ങും മാർക്കോ യാൻസനും വിജയ്കുമാർ വൈശാഖും രണ്ടുവീതം വിക്കറ്റുകൾ നേടി.



