വി ഡി സതീശൻ സർക്കാരിന്റെ കന്നി ബജറ്റിനെ പ്രശംസിച്ച് നടൻ മമ്മൂട്ടി. ‘മലയാള ചലച്ചിത്ര വേദിക്ക് വാഗ്ദാനം ചെയ്ത എല്ലാ ആനുകൂല്യങ്ങൾക്കും പുതിയ സർക്കാരിന് നന്ദി…എല്ലാം വേഗത്തിൽ നടപ്പിലാകട്ടെ..’ ഫേസ്ബുക്കിൽ കുറിച്ചു. മമ്മൂട്ടിയ്ക്ക് പുറമെ മോഹൻലാൽ പൃഥ്വിരാജ് എന്നിവരും പരിഗണനകൾക്ക് നന്ദി അറിയിച്ചുകൊണ്ട് പ്രതികരിച്ചിരുന്നു. ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഏറ്റവും ശ്രദ്ധയാകർഷിച്ചത് മോഹൻലാലിന്റെ സോഷ്യൽ മീഡിയ പോസ്റ്റായിരുന്നു. ബജറ്റിനെ പ്രകീർത്തിക്കുന്ന പതിവില്ലാത്ത കുറിപ്പിന് പിന്നിലെ പ്രധാനകാരണം ചലചിത്രമേഖലയോടുള്ള പരിഗണനയായിരുന്നു.
സാമ്പത്തിക പ്രതിസന്ധിയും, നിർമ്മാണ ചിലവും, നികുതി ഭാരവും നാൾക്കുനാൾ പരാതിയായി മാറി മാറി വരുന്ന സർക്കാരുകൾക്ക് മുന്നിൽ നിരവധി തവണ നിവേദനമായും നിർദേശമായും പരാതിയായും സിനിമ സംഘടനകൾ ഉയർത്തിയിട്ടുണ്ട്. കലാപരമായ സൃഷ്ടിഎന്ന ടാഗ്ലൈൻ കൂടെപ്പിറപ്പായിരുന്ന ചലചിത്രമേഖലയ്ക്ക് പരിമിതികളും പതിവായി. നൂറും ഇരുന്നൂറും കോടി ബോക്സ് ഓഫീസ് കളക്ഷൻ കണക്ക് പലർക്കും ബാധ്യതയും ചിലർക്ക് അപ്രാപ്യവുമായപ്പോഴും നിർമ്മാണം മുതൽ പ്രദർശനം വരെ നികുതിയും സെസ്സും നിറഞ്ഞ നഷ്ടത്തിന്റെ ബാലൻസ് ഷീറ്റായി മേഖലയെ മാറ്റവെയാണ് പ്രഖ്യാപനം.


