മദ്യം മുതൽ പാർപ്പിടം വരെ, പുതിയ ബജറ്റ് വന്നതോടെ ഇവയ്ക്കെല്ലാം ചെലവേറുകയാണ്. മദ്യത്തിന് 20 രൂപ മുതൽ 40 രൂപ വരെ കൂട്ടിയപ്പോൾ, പെട്രോളിനും ഡീസലിനും രണ്ട് രൂപയാണ് ഉയർത്തിയിരിക്കുന്നത്. അവിടം കൊണ്ട് അവസാനിക്കുന്നില്ല. ഭൂമിയുടെ ന്യായവില 20 ശതമാനം വർധിപ്പിച്ചിരിക്കുകയാണ്. ഒപ്പം ഫ്ളാറ്റ്/അപ്പാർട്ട്മെന്റ് മുദ്ര വില കൂട്ടി, 7% ൽ എത്തിച്ചു. പട്ടയം ഭൂമിയിലെ നികുതിയും പരിഷ്കരിക്കുമെന്നാണ് ബജറ്റിൽ ധനമന്ത്രി പറഞ്ഞത്.

സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില 2010-ൽ നിലവിൽ വന്നു. അതിനുശേഷം ഇത് അഞ്ച് തവണ പുതുക്കുകയുണ്ടായി. വിപണി മൂല്യവും ന്യായവിലയും തമ്മിലുള്ള അന്തരം നികത്തുവാൻ വേണ്ടി നിലവിലുള്ള ന്യായവില 20 ശതമാനം വർധിപ്പിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റിൽ പറഞ്ഞു.
വിവിധ കാരണങ്ങളാൽ വിപണി മൂല്യം വർധിച്ച പ്രദേശങ്ങളിൽ ഭൂമിയുടെ ന്യായവില 30% വരെ വർധിപ്പിക്കുന്നതിനായി 2020-ൽ ഫിനാൻസ് ആക്റ്റിലൂടെ നിയമ നിർമ്മാണം നടപ്പിലാക്കിയ സാഹചര്യത്തിൽ, അത് പ്രകാരം വർധനവ് വരുത്തേണ്ട മേഖലകളെ നിർണ്ണയിക്കുന്നതിനായി വിശദമായ പഠനം നടത്തി മാനദണ്ഡങ്ങൾ കൊണ്ടുവരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

റിയൽ എസ്റ്റേറ്റ് മേഖലയിലുണ്ടായ ആഗോള സാമ്പത്തിക മാന്ദ്യം കണക്കിലെടുത്തുകൊണ്ട് 2010-ൽ ഈ മേഖലയ്ക്ക് ഉത്തേജനം നൽകുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും കെട്ടിട നമ്പർ ലഭിച്ച് 6 മാസത്തിനകം കൈമാറ്റം ചെയ്യുന്ന ഫ്ളാറ്റ് / അപ്പാർട്ട്മെന്റ് എന്നിവയ്ക്ക് മുദ്രവില 5% ആയി കുറച്ചിരുന്നു. നിലവിലുള്ള മുദ്രവില നിരക്കുകൾ കണക്കിലെടുത്തുകൊണ്ട് ഈ ബജറ്റിൽ 5% എന്നത് 7 % ആയി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ഒരു ആധാരം രജിസ്റ്റർ ചെയ്തതിന് ശേഷം 3 മാസത്തിനകമോ 6 മാസത്തിനകമോ നടത്തപ്പെടുന്ന തീറാധാരങ്ങൾക്ക് നിലവിലുള്ള അധിക മുദ്രവില നിരക്കുകൾ ഒഴിവാക്കുന്നതാണെന്നും ബജറ്റിൽ പറയുന്നു


