ഏക സിവിൽകോഡിനെതിരെ പാർലമെന്റിൽ ഏകകണ്ഠമായ അഭിപ്രായം സ്വീകരിക്കണമെന്ന് എം.പിമാരോട് മുഖ്യമന്ത്രി പിണറായി വിജയൻ. ജൂലൈ 20-ന് ആരംഭിക്കുന്ന പാർലമെന്റ് മഴക്കാല സമ്മേളനത്തിന് മുന്നോടിയായാണ് മുഖ്യമന്ത്രി എം.പിമാരുടെ യോഗം വിളിച്ചുചേർത്തത്. യോഗത്തിൽ വെച്ചായിരുന്നു മുഖ്യമന്ത്രിയുടെ അഭ്യസ്ഥന.

‘രാജ്യത്തെ നാനാജാതിമതസ്ഥരുടെയും ജനവിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ വേണ്ട രീതിയിൽ സ്വരൂപിക്കാതെ നടത്തുന്ന ഇത്തരം പ്രഖ്യാപനങ്ങൾ മത ന്യൂനപക്ഷങ്ങളുടെ ഇടയിൽ വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണ്. വ്യക്തിനിയമങ്ങളുടെ കാര്യത്തിൽ ആവശ്യമായ ചർച്ചകൾ നടത്താതെ തിടുക്കത്തിൽ തീരുമാനം കൈക്കൊള്ളുന്നത് ജനാധിപത്യ ഭരണരീതിക്ക് ഒട്ടും യോജിച്ചതല്ല. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എല്ലാ വിഭാഗങ്ങളുടെയും വിശ്വാസ്യതയും തുല്യ പങ്കാളിത്തവും അനിവാര്യമായിരിക്കെ, ചില ന്യൂനപക്ഷ വിഭാഗങ്ങളുടെ മനസ്സിൽ ഭീതിയും ആശങ്കയും പരത്തി ധ്രുവീകരണം ലക്ഷ്യമിട്ടുള്ള നടപടിയായി ഏക സിവിൽ കോഡ് മാറരുത്. ഈ അഭിപ്രായം മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്ന എല്ലാവർക്കുമുണ്ട്. മതനിരപേക്ഷതയുടെ കാര്യത്തിൽ രാജ്യത്തിനാകെ മാതൃകാ സംസ്ഥാനമായ കേരളത്തിന്റെ വിവിധ മണ്ഡലങ്ങളെ പ്രതിനിധാനം ചെയ്യുന്ന പാർലമെന്റ് അംഗങ്ങൾ ഏകകണ്ഠമായ അഭിപ്രായം ഇക്കാര്യത്തിൽ സ്വീകരിക്കണം’ മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

സംസ്ഥാന വിഷയങ്ങളിൽ കേന്ദ്രം നടത്തുന്ന നിയമനിർമ്മാണ നടപടികളെ പാർലമെന്റിൽ ശക്തമായി എതിർക്കണം. 2023 ഓഗസ്റ്റ് 15 മുതൽ സെപ്തബർ 15 വരെ ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള വിമാനക്കൂലിയിൽ അമിതമായ വർധന ഉണ്ടായിട്ടുണ്ട്. ഓണക്കാലത്ത് കേരളത്തിലേക്ക് വരുന്ന പ്രവാസികൾക്ക് ഇത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. ഈ വിഷയം കേന്ദ്രവ്യോമയാന മന്ത്രിക്ക് അയച്ച കത്തിൽ എടുത്ത് പറഞ്ഞിട്ടുണ്ട്. യാത്ര സുഗമമാക്കാൻ ചട്ടങ്ങൾക്ക് അനുസൃതമായി ചാർട്ടേഡ് വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യാനുള്ള സംസ്ഥാനത്തിന്റെ ആവശ്യത്തിൻമേൽ അനുമതി ലഭ്യമാക്കാൻ കേന്ദ്രസർക്കാരിനുമേൽ സമ്മർദ്ദം ചെലുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.



