ബ്ലാക്ക് മെയിലിങ്, മോർഫിങ് തുടങ്ങിയവയിലൂടെ സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തുന്നത് വാട്സാപ്പിലൂടെ പൊലീസിനെ അറിയിക്കാം. വ്യക്തികളുടെ ലൈംഗിക ദൃശ്യങ്ങൾ ഓൺലൈനിൽ ചിത്രീകരിച്ച് മറ്റുള്ളവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും അല്ലാതെയും പണം തട്ടുന്നത് വ്യാപകമായ പശ്ചാത്തലത്തിലാണ് പൊലീസ് ഇതിനുള്ള സംവിധാനം സജ്ജമാക്കിയത്. 9497980900 എന്ന നമ്പറിലാണ് പരാതിക്കാർ വിവരമറിയിക്കേണ്ടത്.

സാമ്പത്തിക കുറ്റകൃത്യങ്ങൾ അറിയിക്കുന്നതിനായി പ്രത്യേകം സജ്ജമാക്കിയ വാട്സാപ്പ് നമ്പരാണിത്. ടെക്സ്റ്റ്, ഫോട്ടോ, വിഡിയോ, ശബ്ദസന്ദേശം എന്നീ മാർഗങ്ങളിലൂടെ പരാതി നൽകാം. നേരിട്ടു വിളിക്കാനാവില്ല. ഈ സംവിധാനം 24 മണിക്കൂറും പ്രവർത്തിക്കും. ആവശ്യമുള്ളപക്ഷം പരാതിക്കാരെ തിരികെ വിളിച്ച് വിവരങ്ങൾ ശേഖരിക്കും. പൊലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.



