ബാബുവിന്റെ ആരോഗ്യ നിലയിൽ ആശങ്ക പ്രകടിപ്പിച്ച് രക്ഷാപ്രവർത്തകർ. ബാബു വെള്ളം കുടിച്ചതിന് പിന്നാലെ രക്തം ഛർദിച്ചു. ബാബുവിനെ മലമുകളിലെത്തിച്ച ശേഷം പ്രാഥമിക ചികിത്സയും വെള്ളവും ഭക്ഷണവും നൽകിയതാണ്.
എന്നാല്‍ ഭക്ഷണം രണ്ട് ദിവസത്തോളം ഭക്ഷണം കഴിക്കാതിരുന്ന സാഹചര്യത്തില്‍ പെട്ടെന്ന് ഭക്ഷണം ശരീരത്തിലേക്ക് എത്തിയപ്പോഴുള്ള ബുദ്ധിമുട്ടായിരിക്കും ഇപ്പോഴത്തെ അവശനിലയ്ക്ക് കാരണമെന്നാണ് അനുമാനം. അതേസമയം ബാബുവിനെ എയര്‍ലിഫ്റ്റ് ചെയ്യാന്‍ ഹെലികോപ്ടര്‍ മലമുകളിലെത്തിയിട്ടുണ്ട്.

ചെറാട് മലയിൽ ബാബു വെള്ളവും ഭക്ഷണവുമില്ലാതെ ഉറക്കം വെടിഞ്ഞ് കുടുങ്ങി കിടന്നത് 45 മണിക്കൂറാണ്. ബാബുവിന് സമീപം ആദ്യം എത്തിയപ്പോൾ സൈന്യം ഭക്ഷണവും വെള്ളവും നൽകി. സുരക്ഷാ ബെൽറ്റും കയറും ഉപയോഗിച്ചാണ് ബാബുവിനെ രക്ഷിച്ചത്. വെള്ളമോ ഭക്ഷണമോ നൽകാൻ യന്ത്രങ്ങൾക്ക് പോലും എത്തിപ്പെടാൻ സാധിക്കാത്ത വിധത്തിൽ ഏറെ പ്രയാസകരമായിരുന്നു ദൗത്യം. രക്ഷാപ്രവർത്തനത്തിന്റെ മണിക്കൂറുകളിൽ ബാബു പ്രകടിപ്പിച്ച ഇച്ഛാശക്തിയും സമാനതകളില്ലാത്തതായിരുന്നു. വെള്ളമോ ഭക്ഷണമോ ഇല്ലാതെ രണ്ട് ദിവസത്തിലേറെയാണ് ബാബു മലയിടുക്കിലിരുന്നത്. പൊത്തിൽ അകപ്പട്ടുപോയപ്പോഴും മനോധൈര്യം കൈവിടാതെ താൻ അപകടത്തിലാണെന്ന് ലോകത്തെ അറിയിക്കാൻ ബാബുവിന് കഴിഞ്ഞു എന്നതാണ് നിർണായകമായത്.

ആയിരം അടി ഉയരമുള്ള മലയുടെ 600 അടിയോളം ഉയരമുള്ള പൊത്തിൽ കുടുങ്ങിക്കിടക്കുന്ന ആളെ രക്ഷപ്പെടുത്തുന്നത് കേരളത്തിലെ ആദ്യത്തെ സംഭവമാണ്. ഭൂമിശാസ്ത്രപരമായ പ്രശ്‌നങ്ങൾ, രാത്രിയിൽ തീരെ വെളിച്ചമില്ലാത്ത അവസ്ഥ, വന്യമൃഗങ്ങളുടെ സാന്നിധ്യം എന്നിങ്ങനെ രക്ഷാപ്രവർത്തനത്തിന്റെ ഓരോ വളവുകളിലും മടക്കുകളിലും ദൗത്യത്തിന് നേരിടാൻ പ്രതിസന്ധികളേറെയായിരുന്നു



