സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കുന്നതിന് ഇന്ത്യയെ സഹായിക്കാൻ തയ്യാറാണെന്ന് യുഎസ്. ആദ്യമായി ഇന്ത്യാ സന്ദർശനത്തിനെത്തിയ നാസ മേധാവി ബിൽ നെൽസണാണ് ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്തത്. ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഇസ്രോയും യുഎസ് ബഹിരാകാശ ഏജൻസിയായ നാസയും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ചർച്ചകൾക്കായി എത്തിയതാണ് അദ്ദേഹം.

ഐഎസ്ആർഒയുമായുള്ള നാസയുടെ പങ്കാളിത്തം വളർത്തുന്നതിനായുള്ള ചർച്ചകൾക്ക് തയ്യാറാണെന്നും ബഹിരാകാശ രംഗത്ത് ഇന്ത്യ നേതൃനിരയിലുണ്ടെന്നും അദ്ദേഹം ഇന്ത്യയിലെത്തിയതിന് ശേഷം ട്വീറ്റ് ചെയ്തു. മാധ്യമങ്ങളോട് സംസാരിക്കവെ ഇന്ത്യയുടെ ചന്ദ്രയാൻ- 3 നേട്ടത്തെ നെൽസൺ പ്രശംസിച്ചു. 2024 ൽ യുഎസ് സ്വകാര്യ ലാൻ്ററുകൾ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കയക്കുമെന്നും എന്നാൽ ഇന്ത്യ ഇതിനകം അത് ചെയ്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘നാസയുടെ വലിയൊരു പങ്കാളിയാണ് ഇന്ത്യ. 2040 ഓടെ സ്വന്തം ബഹിരാകാശ നിലയം നിർമിക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന് യുഎസ് ബഹിരാകാശ ഏജൻസി സഹായം നൽകും. സീറോ ഗ്രാവിറ്റിയിൽ മരുന്നുകളുടെ ഗവേഷണം ഉൾപ്പടെയുള്ള ഗവേഷണങ്ങൾക്ക് വാണിജ്യാടിസ്ഥാനത്തിലുള്ള ബഹിരാകാശ നിലയങ്ങൾ വഴിയൊരുക്കും. ഇന്ത്യ ആഗ്രഹിക്കുന്നുവെങ്കിൽ, നമുക്ക് സഹകരിക്കാനും നമ്മുടെ അനുഭവം പങ്കിടാനുമാവും’, അദ്ദേഹം പറഞ്ഞു.

നാസയും ഐഎസ്ആർഒയും ആദ്യമായി സഹകരിക്കുന്ന നിസാർ (NASA-ISRO Synthetic Aperture Radar) भीड जी पहली പ്രവർത്തിക്കുന്ന ബഹിരാകാശ പേടക നിർമാണ ശാല നെൽസൺ സന്ദർശിച്ചേക്കും. ഭൗമനിരീക്ഷണ സംവിധാനമായ നിസാർ 2024 ൽ വിക്ഷേപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2024 ൽ അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിക്കുന്നതിനായി ഒരു ഇന്ത്യൻ ബഹിരാകാശ സഞ്ചാരിക്ക് നാസ പരിശീലനം നൽകും. ബഹിരാകാശ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സ്വകാര്യ കമ്പനികളുമായും വിദ്യാർഥികളുമായും നാസ മേധാവി കൂടിക്കാഴ്ച നടത്തും.


