ഗാസയിൽ ഹമാസ് ബന്ദികളാക്കിവെച്ചവരെക്കുറിച്ച് വിവരം നൽകുന്ന പാലസ്തീൻ പൗരന്മാർക്ക് സുരക്ഷ നൽകുമെന്ന് ഇസ്രയേൽ. ഗാസ അതിർത്തിയിൽ ഇസ്രയേൽ സൈന്യം വിതരണം ചെയ്ത ലഘുലേഖയിൽ വിവരം നൽകുന്നവർക്ക് ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.

‘നിങ്ങൾക്ക് സമാധാനപൂർണമായ ജീവിതം നയിക്കണം എന്നുണ്ടെങ്കിൽ, നിങ്ങളുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കണം എന്നുണ്ടെങ്കിൽ നിങ്ങൾ മനുഷ്യത്വപരമായ കാര്യം ചെയ്യണം. നിങ്ങളുടെ പ്രദേശത്ത് തടവിൽ പാർപ്പിച്ചിരിക്കുന്നവരെക്കുറിച്ച് വിലയേറിയ വിവരങ്ങൾ ഞങ്ങളുടമായി പങ്കുവെക്കണം’ – ലഘുലേഖയിൽ ഇസ്രയേൽ ആവശ്യപ്പെട്ടു.
വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായിരിക്കും. വിവരം നൽകുന്നവരേയും അവരുടെ വീടുകളും ഇസ്രയേൽ സൈന്യം സുരക്ഷിതമായി സംരക്ഷിക്കും. കൂടാതെ ധനസഹായവും നൽകുമെന്നും ഇസ്രയേൽ ലഘുലേഖയിൽ പറയുന്നു. വിവരം നൽകാൻ വേണ്ടിയുള്ള ഫോൺ നമ്പറുകളും ലഘുലേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇസ്രയേലിൽ നിന്ന് 200ലേറെ പേരെ ഹമാസ് തടവിലാക്കിക്കൊണ്ടു പോയതായാണ് റിപ്പോർട്ട്. ഒക്ടോബർ 7ന് ആരംഭിച്ച യുദ്ധത്തിൽ ഇസ്രയേലിലെ 1400ലേറെ പേർ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേൽ ആക്രമണത്തിൽ ഗാസയിലെ മരണം 5000 കടന്നിരുന്നു.

ഗാസ – ഇസ്രയേൽ അതിർത്തിയിലെ വേലിക്കരികിൽ നിന്ന് പ്രതിഷേധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഇസ്രയേൽ സൈന്യം ലഘുലേഖ വിതരണം ചെയ്തിരുന്നു. സൈനിക വിമാനം വഴിയായിരുന്നു ലഘുലേഖ ഈ പ്രദേശത്ത് വിതരണം ചെയ്തത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ബന്ദികളാക്കപ്പെട്ടവരെക്കുറിച്ചുള്ള വിവരം നൽകുന്നവർക്ക് സുരക്ഷയും ധനസഹായവും വാഗ്ദാനം ചെയ്തിരിക്കുന്നത്.
ബന്ദികളാക്കിയവരിൽ നാലു പേരെ ഇതിനിടെ ഹമാസ് മോചിപ്പിച്ചിട്ടുണ്ട്. ഖത്തറിന്റെ മധ്യസ്ഥതയിൽ ആദ്യം രണ്ട് അമേരിക്കൻ പൗരൻമാരേയും തിങ്കളാഴ്ച രണ്ട് ഇസ്രയേലി വനിതകളേയുമാണ് വിട്ടയച്ചത്.


