രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കെതിരായി നടക്കുന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട് പോരടിച്ച് ബിജെപിയും കോൺഗ്രസും. മണിപ്പുരിൽ കുക്കി വംശജരായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയതിന്റെ വിഡിയോ പുറത്തുവന്നതിനെ തുടർന്ന് പ്രതിരോധത്തിലായ ബിജെപി, കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ കണക്കിലൂന്നി തിരിച്ചടിക്കാനുള്ള ശ്രമങ്ങളാണു നടത്തുന്നത്.

രാജ്യത്ത് ബലാത്സംഗക്കേസുകൾ ഏറ്റവും കൂടുതൽ റജിസ്റ്റർ ചെയ്യുന്നത് രാജസ്ഥാനിലാണെന്നും മുഖ്യമന്ത്രി അശോക് ഗെലോട്ട് രാജിവയ്ക്കണമെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ആവശ്യപ്പെട്ടു. രാജ്യത്തെ ബലാത്സംഗക്കേസുകളിൽ 22 ശതമാനവും രാജസ്ഥാനിലാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സ്ത്രീകൾക്കെതിരായ അക്രമത്തിന് എതിരായ പ്രതിഷേധം ഭരിക്കുന്ന സർക്കാരിനെ നോക്കിയല്ല ഉയർത്തേണ്ടതെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു. അടുത്തിടെ ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്ത ബംഗാൾ, ബിഹാർ, രാജസ്ഥാൻ എന്നിവിടങ്ങളിലേക്ക് പ്രതിപക്ഷം പ്രത്യേക സംഘത്തെ അയയ്ക്കുമോ. രാജസ്ഥാനിലെ പ്രശ്നങ്ങൾ തുറന്നു പറഞ്ഞ മന്ത്രിയെ പുറത്താക്കിയ അശോക് ഗലോട്ടിന്റെ നടപടി അപലപനീയമാണ്. പുറത്താക്കപ്പെട്ട മന്ത്രി ശാന്തി ദരിവാൾ സംസ്ഥാനത്തു നടക്കുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ചു പറഞ്ഞതിൽ സോണിയാ ഗാന്ധിയും രാഹുലും പ്രിയങ്കയും എന്തുകൊണ്ടാണു മൗനം പാലിക്കുന്നതെന്നും ഠാക്കൂർ ചോദിച്ചു.

ബംഗാളിലെ മാൾഡയിൽ രണ്ട് ദളിത് സ്ത്രീകളെ നഗ്നരാക്കി മർദിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നപ്പോൾ കോൺഗ്രസ് മൗനം പാലിച്ചത് എന്തുകൊണ്ടാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ചോദിച്ചു. ബംഗാളിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആളുകളെ കൊന്നൊടുക്കിയപ്പോൾ കോൺഗ്രസ് കാഴ്ചക്കാരായി നിന്നു. തൃണമൂലുമായി കേന്ദ്രത്തിൽ സഖ്യമുണ്ടാക്കാൻ വേണ്ടിയായിരുന്നു ഇതെന്നും സ്മൃതി പറഞ്ഞു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമർശനവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ട് രംഗത്തെത്തി. സംഘർഷഭരിതമായ മണിപ്പുർ സന്ദർശിക്കാൻ പ്രധാനമന്ത്രി തയാറാകാത്തതിനെ ഗെലോട്ട് വിമർശിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി, കർണാടകയിലും രാജസ്ഥാനിലും എത്തി. എന്നാൽ മണിപ്പുരിലേക്കു തിരിഞ്ഞുനോക്കിയില്ല. അവിടെ കോൺഗ്രസ് സർക്കാരാണു ഭരിച്ചിരുന്നതെങ്കിൽ എന്താകുമായിരുന്നു സ്ഥിതി. പ്രധാനമന്ത്രി നടത്തിയ പ്രസ്താവന രാജസ്ഥാനിലെ ജനങ്ങളുടെ വികാരം വൃണപ്പെടുത്തുന്നതാണെന്നും ഗെലോട്ട് പറഞ്ഞു. മണിപ്പുർ വിഷയത്തിൽ പ്രതികരിക്കുന്നതിനിടെ രാജസ്ഥാനിലെയും ഛത്തിസ്ഗഡിലെയും മുഖ്യമന്ത്രിമാർ ക്രമസമാധാന നില കൃത്യമായി നടപ്പാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

മണിപ്പുരിൽ 100 ബലാത്സംഗക്കേസുകൾ ഉണ്ടായെന്ന് മുഖ്യമന്ത്രി ബിൻ സിങ് തന്നെ സമ്മതിച്ചുവെന്ന് ഗെലോട്ട് പത്രസമ്മേളനത്തിൽ പറഞ്ഞു. എന്താണു മണിപ്പുരിൽ നടക്കുന്നത്. അവിടെ സർക്കാർ സംവിധാനം പൂർണമായി പരാജയപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി ഒരുവട്ടം മണിപ്പുർ സന്ദർശിച്ചു. അതിനു ശേഷവും കൊലപാതകവും ബലാത്സംഗവും തുടർക്കഥയാണ്. ഔപചാരികതയുടെ പേരിൽ കുറച്ചു നിമിഷങ്ങൾ മാത്രം മണിപ്പൂരിനെക്കുറിച്ചു പ്രതികരിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. അവിടം സന്ദർശിക്കാൻ പോലും പ്രധാനമന്ത്രി തയാറായില്ലെന്നും ഗെലോട്ട് കുറ്റപ്പെടുത്തി.


