മുഖ്യമന്ത്രി പിണറായി വിജയനെതിരെയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അനുകൂലവുമായുമുള്ള വിധിയെഴുത്താണ് പുതുപ്പള്ളിയിൽ ഉണ്ടാകാൻ പോകുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പുതുപ്പള്ളിയിൽ മത്സരിക്കുന്നത് ചാണ്ടി ഉമ്മനിലൂടെ ഉമ്മൻ ചാണ്ടിയാണെന്നും അദ്ദേഹത്തിന് 13-ാം വിജയം നൽകി മറ്റൊരു റിക്കാർഡ് സ്ഥാപിക്കുമെന്നും സുധാകരൻ പ്രസ്താവനയിൽ പറഞ്ഞു.

“പിണറായിക്കെതിരെയുള്ള ജനവികാരത്തിന്റെ ആളിക്കത്തലാണ് പുതുപ്പള്ളിയിൽ കാണാൻ കഴിഞ്ഞത്. അദ്ദേഹത്തിനെതിരെ സിപിഎമ്മിനുള്ളിൽ പുകയുന്ന രോഷത്തിന്റെ അഗ്നിസ്ഫുലിംഗങ്ങളും പുതുപ്പള്ളിയിൽ കണ്ടു. സർക്കാരിന്റെ വിലയിരുത്താലാണ് പുതുപ്പള്ളിയിൽ നടക്കാൻ പോകുന്നതെന്ന സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്താവന പിണറായിയെ ലക്ഷ്യമിട്ടാണ്. വികസനത്തിന്റെ പേരും പറഞ്ഞ് ജനങ്ങളുടെ പണം കുടുംബത്തിലേക്കു കൊണ്ടുപോകുന്നതും രാജവാഴ്ചയെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തികളും കണ്ട് ജനങ്ങൾ സഹികെട്ടു. ഹെലികോപ്റ്റർ യാത്രയും അനേകം വാഹനങ്ങളുടെ അകമ്പടിയോടെയുള്ള റോഡ് യാത്രയുമൊക്കെ ജനങ്ങളിൽ വലിയ അവമതിപ്പുണ്ടാക്കി.” കർഷകർ ഉൾപ്പെടെയുള്ള ജനങ്ങളെ ഓണക്കാലത്തുപോലും വറുതിയിലാക്കിയെന്ന് സുധാകരൻ പറഞ്ഞു.

സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോർട്ട് കോടതി അംഗീകരിച്ചത് അദ്ദേഹത്തെ വേട്ടയാടിയവർക്ക് ലഭിച്ച അവസാനത്തെ തിരിച്ചടിയാണെന്ന് സുധാകരൻ പറഞ്ഞു. “ഉമ്മൻ ചാണ്ടിക്കെതിരെ ബലാൽസംഗക്കേസിന് കേസെടുക്കുമെന്നു പ്രഖ്യാപിക്കുകയും തന്റെ കീഴിലെ ഉത്തരമേഖലാ ഡിജിപിയേയും ദക്ഷിണമേഖലാ ഡിജിപിയേയും ക്രൈംബ്രാഞ്ചിനെയും ഒടുവിൽ സിബിഐയും നിയോഗിച്ച് ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായി വിജയനോട് പകരം വീട്ടാനുള്ള അവസരമാണ് പുതുപ്പള്ളിയിലുള്ളത്. ഉളുപ്പ് എന്നൊരു സാധനമുണ്ടായിരുന്നെങ്കിൽ പിണറായി പുതുപ്പള്ളിയിൽ കാലു പോലും കുത്തില്ലായിരുന്നു. ഉമ്മൻ ചാണ്ടിയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തെയും സിപിഎം വേട്ടയാടി. പെൺമക്കളെപ്പോലും വെറുതെ വിട്ടില്ല.” പുതുപ്പള്ളിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നൽകി ചാണ്ടി ഉമ്മനെ വിജയിപ്പിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.


