പി.വി.അൻവറിന്റെ ടിഎംസിയുടെ യുഡിഎഫ് പ്രവേശനം തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം. മലപ്പുറത്തെ കോൺഗ്രസ് നേതാക്കളുടെ എതിർപ്പാണ് യുഡിഎഫ് പ്രവേശനം വൈകിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ പി.വി.അൻവറിനെ മുന്നണിയിൽ അംഗമാക്കരുതെന്നാണ് മലപ്പുറത്തെ നേതാക്കളുടെ നിലപാട്.

കോൺഗ്രസിനെയും അതിന്റെ നേതൃത്വത്തെയും നിരന്തരം ആക്ഷേപിച്ചുകൊണ്ടിരുന്ന പി.വി.അൻവറിനെ യുഡിഎഫിൽ പ്രവേശിപ്പിക്കുന്നതിനോട് മലപ്പുറത്ത് നിന്നുളള കോൺഗ്രസ് നേതാക്കൾക്ക് തുടക്കം മുതൽ തന്നെ യോജിപ്പുണ്ടായിരുന്നില്ല. മുന്നണിയുടെ പൊതു തീരുമാനം എന്ന നിലയിൽ അൻവറിനെ ഉൾക്കൊളളണമെന്ന നിർദ്ദേശം അംഗീകരിക്കുമ്പോൾതന്നെ അത് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞുമതിയെന്നാണ് കോൺഗ്രസ്
നേതൃത്വത്തിന്റെ നിലപാട്.


