പഴയ വാട്‌സാപ്പ് സന്ദേശങ്ങൾ എളുപ്പം തിരഞ്ഞുകണ്ടുപിടിക്കാനുള്ള സൗകര്യമൊരുക്കി മെറ്റ. വാട്‌സാപ്പിൻ്റെ പുതിയ അപ്ഡേറ്റിൽ ഒരു സന്ദേശം തീയ്യതി അടിസ്ഥാനത്തിൽ തിരഞ്ഞു കണ്ടുപിടിക്കാനാവും. നിലവിൽ പഴയൊരു ചാറ്റ് കണ്ടുപിടിക്കാൻ മുകളിലേക്ക് സ്ക്രോൾ ചെയ്തേ പറ്റൂ.

ആൻഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കൾക്ക് നിലവിൽ ഈ അപ്ഡേറ്റ് എത്തിക്കുന്നുണ്ട്. വാട്‌സാപ്പ് വെബ്ബിലും, വാട്‌സാപ്പ് പിസി, മാക്ക് വേർഷനുകളിലും ഈ സൗകര്യം ലഭിക്കും. മാർക്ക് സക്കർബർഗിൻ്റെ വാട്‌സാപ്പ് ചാനലിലൂടെ അദ്ദേഹം പുതിയ ഫീച്ചർ പരിചയപ്പെടുത്തിയിട്ടുണ്ട്.

തീയ്യതി ഉപയോഗിച്ച് വാട്‌സാപ്പ് സന്ദേശം എങ്ങനെ തിരയാം
. ചാറ്റോ ഗ്രൂപ്പോ തുറക്കുക.
. പേരിൽ ക്ലിക്ക് ചെയ്യുക
. സെർച്ച് ബട്ടൺ തിരഞ്ഞെടുക്കുക
. ആൻഡ്രോയിഡിൽ മുകളിൽ വലത് കോണിലായി കലണ്ടർ ഐക്കൺ കാണാം, ഐഫോണിൽ ഇത് താഴെ വലത് കോണിലായിരിക്കും.
. ഐക്കൺ തിരഞ്ഞെടുത്ത് തീയ്യതി നൽകുക. ആ തീയ്യതിയിലെ സന്ദേശങ്ങളിലേക്ക് വാട്‌സാപ്പ് നേരിട്ട് നിങ്ങളെ എത്തിക്കും.
വർഷങ്ങളായി ഒരേ ഫോണിൽ തന്നെ വാട്സാപ്പ് ഉപയോഗിക്കുന്നവർക്ക് പഴയ ചാറ്റുകൾ കണ്ടുപിടിക്കാൻ ഇത് സഹായകമാവും.

കഴിഞ്ഞ കുറച്ച് മാസങ്ങളായി വാട്‌സാപ്പ് വിവിധ ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ട്. വിവിധ സുരക്ഷാഫീച്ചറുകളും ടെക്സ്റ്റ് ഫോർമാറ്റിങ് ഫീച്ചറും കമ്പനി അവതരിപ്പിച്ചിരുന്നു. ഇതിനകം ഈ ഫീച്ചർ നിങ്ങളുടെ ഫോണിൽ എത്തിയിട്ടുണ്ടാവും. ഇല്ലെങ്കിൽ വാട്‌സാപ്പ് വേഗം അപ്ഡേറ്റ് ചെയ്യുക.


