ഇന്ത്യയും പാകിസ്‌താനും തമ്മിൽ സംഘർഷം ഉടലെടുത്ത അവസരത്തിൽ അബദ്ധത്തിൽ അതിർത്തി മറികടന്ന ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷായ്ക്ക് പാക് സൈന്യത്തിൻ്റെ പക്കൽനിന്നും പീഡനങ്ങൾ നേരിടേണ്ടിവന്നതായി വെളിപ്പെടുത്തൽ. ഏപ്രിൽ 23-ന് പാകിസ്താൻ റേഞ്ചേഴ്‌സ് കസ്റ്റഡിയിലെടുത്ത ജവാനെ 20 ദിവസങ്ങൾക്ക് ശേഷം ബുധനാഴ്ച രാവിലെയാണ് ഇന്ത്യക്ക് കൈമാറിയത്. ഈ ദിവസങ്ങളിൽ പാകിസ്‌താന്റെ സൈനിക ക്യാമ്പിൽ അനുഭവിക്കേണ്ടിവന്ന പീഡനങ്ങളെക്കുറിച്ചാണ് വെളിപ്പെടുത്തൽ.
പാക് സൈനികർ തന്നെ ശാരീരികമായി ഉപദ്രവിച്ചില്ലെങ്കിലും മാനസികമായും ശാരീരികമായും തളർത്താൻ വേണ്ട പ്രവർത്തികൾ ചെയ്‌തിരുന്നതായി പൂർണം കുമാർ വെളിപ്പെടുത്തിയതായി സൈനികവൃത്തങ്ങൾ പറയുന്നു. ‘ഭൂരിഭാഗം സമയവും കണ്ണുകൾ കറുത്ത തുണികൊണ്ട് മൂടിക്കെട്ടിയ അവസ്ഥയിലായിരുന്നു. ഉറങ്ങാനോ പല്ലുതേക്കാനോ അനുവദിച്ചിരുന്നില്ല. നിരന്തരം ചീത്തവിളിച്ചു. മൂന്ന് സ്ഥലങ്ങളിൽ മാറ്റി പാർപ്പിച്ചു. അതിൽ ഒന്ന് ഒരു വ്യോമസേനാ താവളമായിരുന്നു. അവിടെനിന്നും വിമാനങ്ങൾ ഉയർന്നുപൊങ്ങുന്നതിൻ്റെയും ഇറങ്ങുന്നതിന്റെയും ശബ്‌ദങ്ങൾ കേട്ടിരുന്നു. പിന്നീട് ഒരു ജയിലറയിലേക്ക് മാറ്റി,’ പൂർണം കുമാറിനെ ഉദ്ധരിച്ച് സൈനികവൃത്തങ്ങൾ പറഞ്ഞു.
സൈനികവേഷങ്ങളിലല്ല മറിച്ച് സാധാരണ വേഷങ്ങളിൽ എത്തിയ ചില മുതിർന്ന ഉദ്യോഗസ്ഥർ അതിർത്തിയിലെ ബിഎസ്എഫിന്റെ സേനാവിന്യാസത്തെക്കുറിച്ച് ചോദ്യങ്ങൾ ചോദിച്ചു. അന്താരാഷ്ട്ര അതിർത്തിയിൽ ഇന്ത്യ വിന്യസിച്ചിരിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥരെ സംബന്ധിച്ചും ചോദ്യങ്ങളുണ്ടായി. ചില ഉദ്യോഗസ്ഥരെ ബന്ധപ്പെടാനുള്ള ഫോൺനമ്പറുകളും അവർ പൂർണം ഷായോട് അന്വേഷിച്ചിരുന്നു. എന്നാൽ അദ്ദേഹം അത്തരം വിവരങ്ങളൊന്നും നൽകിയിട്ടില്ല എന്നാണ് പറഞ്ഞതെന്നും സൈനികവൃത്തങ്ങൾ അറിയിച്ചു.
അട്ടാരി-വാഗാ അതിർത്തിയിൽവെച്ച് പാകിസ്‌താൻ ഇന്ത്യക്ക് കൈമാറിയ പൂർണം ഷാ നിലവിൽ ഇന്ത്യൻ സൈനിക കേന്ദ്രത്തിലാണ് ഉള്ളത്. അദ്ദേഹം മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുത്ത് വരുന്നതായും ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചതായും സൈനികവൃത്തങ്ങൾ അറിയിച്ചു. പാക് സൈന്യത്തിൻ്റെ പക്കലായിരുന്നപ്പോൾ പൂർണം ഷാ ധരിച്ചിരുന്ന വസ്ത്രങ്ങൾ വിശദമായ പരിശോധനയ്ക്ക് ശേഷം നശിപ്പിച്ചതായും അവർ അറിയിച്ചു. 24-ാം ബിഎസ്എഫ് ബറ്റാലിയനിൽ അംഗമായ പൂർണം കുമാർ ഷാ പശ്ചിമബംഗാൾ സ്വദേശിയാണ്.


