മധുരയിൽ മാത്രമല്ല മുല്ലപ്പൂ കൃഷി ചെയ്യുന്നത്, എന്നാൽ മുല്ലപ്പൂ കൃഷി മധുരയിലെ ആളുകളുടെ പ്രധാന ജീവിതമാർഗമാണ്. വിശേഷാവസരങ്ങളിൽ തലയിൽ ചൂടാനും മാലകൾ ഉണ്ടാക്കാനും മറ്റും മുല്ല പൂക്കൾ ഉപയോഗിക്കാൻ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. മുല്ല മൊട്ടിൽ നിന്ന് ജാസ്മിൻ ഓയിൽ വേർതിരിച്ചെടുക്കുന്ന രാജ്യത്തെ പ്രധാന കേന്ദ്രം മധുരയാണ്.

ഒരു കിലോഗ്രാം ജാസ്മിൻ ഓയിലിന് ഏകദേശം 4.15 ലക്ഷത്തോളം രൂപ (5,000 ഡോളർ) വിലയുണ്ടെന്ന് പലർക്കും അറിയില്ല. ഇത്രയും എണ്ണ ലഭിക്കുന്നതിന്, 5,000- ലധികം മുല്ലമൊട്ടുകൾ ആവശ്യമാണ്.
എന്തുകൊണ്ടാണ് ജാസ്മിൻ ഓയിലിന് ഇത്രയേറെ വില എന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ ബിസിനസ് ഇൻസൈഡർ പുറത്തിറക്കിയിരുന്നു. ജാസ്മിൻ കോൺക്രീറ്റ് എക്സ്പോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡിലെ ഉൽപ്പാദന പ്രക്രിയയാണ് വീഡിയോയിൽ കാണിക്കുന്നത്.
80-ലധികം ഇനം മുല്ലപ്പൂക്കൾ ഇന്ത്യയിൽ വളരുന്നുണ്ട്, ഈ മുല്ലപ്പൂക്കളിൽ ഗ്രാൻഡിഫ്ലോറം, സാംബക് എന്നിവയാണ് വാണിജ്യപരമായി ഏറ്റവും മൂല്യമുള്ള രണ്ട് ഇനങ്ങൾ. ഇതിൽ സാംബക് ആണ് ഏറ്റവും മികച്ച ഇനമായി കണക്കാക്കുന്നത്, ഇതിനാണ് ആവശ്യക്കാർ കൂടുതലെന്ന് കമ്പനിയുടെ ഡയറക്ടർ രാജാ പളനിസ്വാമി പറഞ്ഞു. മധുരയിൽ ധാരാളമുള്ള ഇനമാണ് സാംബക് മുല്ലപ്പൂ. അതിനാലാണ് മധുര ഇന്ത്യയുടെ മുല്ലപ്പൂ ആസ്ഥാനമായി അറിയപ്പെടുന്നത്.
ബിസിനസ് ഇൻസൈഡറിന്റെ വീഡിയോ അടുത്തിടെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫീസർ സുപ്രിയ സാഹു എക്സിൽ വീണ്ടും പങ്കുവെച്ചിരുന്നു. ആഗോളതലത്തിൽ ഉയർന്ന നിലവാരമുള്ള ബ്രാൻഡുകളുടെ ശ്രദ്ധ ആവശ്യപ്പെടുന്ന പ്രകൃതിദത്ത ജാസ്മിൻ ഓയിൽ ഉണ്ടാക്കുന്ന പ്രദേശവാസികളുടെ അശ്രാന്ത പരിശ്രമം ചൂണ്ടിക്കാണിക്കുന്നതാണ് ഈ വീഡിയോ.
“നിങ്ങളുടെ കൈയിലുള്ള വിലകൂടിയ ജാസ്മിൻ പെർഫ്യൂമിൽ മധുരയുടെ ഒരു ചെറിയ ഭാഗവും ഉണ്ടായിരിക്കാം. മധുര ഇന്ത്യയുടെ മുല്ലപ്പൂ ആസ്ഥാനമായി മാറിയത് എങ്ങനെയെന്ന് മനസിലാക്കാൻ പ്രയാസമില്ല.’ എന്ന് വീഡിയോ പങ്കുവെച്ച് സുപ്രിയ സാഹു പറഞ്ഞു.
രണ്ട് ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ എക്സിൽ കണ്ടത്. ഈ വീഡിയോ പങ്കുവെച്ചതിന് നിരവധി ഉപയോക്താക്കൾ ഐഎഎസ് ഓഫീസർക്ക് നന്ദി പറഞ്ഞു.

“വീഡിയോ കാണുമ്പോൾ വൈകുന്നേരങ്ങളിലെ മധുര മല്ലിയുടെ മനോഹരമായ സുഗന്ധത്തിന്റെ ഓർമ്മകൾ മനസിലേക്ക് കടന്നുവരുന്നു! കർഷകർക്കും തൊഴിലാളികൾക്കും ന്യായമായ കൂലി ലഭിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു. ഈ സുഗന്ധം ശരിക്കും അവരുടെ കഠിനാധ്വാനമാണ്!’ ഒരു ഉപയോക്താവ് കമന്റ് ചെയ്തു.
മറ്റൊരു ഉപഭോക്താവ് ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തെ പ്രശംസിച്ചാണ് രംഗത്തെത്തിയത്. “ഇതാണ് നമ്മുടെ മണ്ണിന്റെ സ്വഭാവം’എന്നാണ് അദ്ദേഹം പറഞ്ഞത്. “ഇത്തരം പ്രവർത്തനങ്ങൾക്ക് ഗ്രാമപ്രദേശങ്ങളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള വലിയ സാധ്യതകളുണ്ട്. പെർഫ്യൂമുകൾക്ക് എപ്പോഴും ആവശ്യക്കാരുണ്ടാകുമെന്നും.’ മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.
ഇന്ത്യയിൽ നിന്നുള്ള ജാസ്മിൻ ഓയിൽ എക്സ്ട്രാക്റ്റ് പാരീസിലേക്ക് വരെ കയറ്റുമതി ചെയ്യുന്നുണ്ട്.


