ഫോണിലെ ബയോമെട്രിക് സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പാസ് കീ ലോഗിൻ സൗകര്യം വാട്‌സാപ്പ് പരീക്ഷിക്കുന്നു. പാസ് വേഡുകളില്ലാതെ ആപ്പിന്റെ സുരക്ഷ ഉറപ്പാക്കാനും ആളുകൾക്ക് പാസ് വേഡുകൾ ഓർത്തുവെക്കേണ്ട പ്രയാസം ഒഴിവാക്കാനും ഇതുവഴി സാാധിക്കും. ഗൂഗിളും, ആപ്പിളും തങ്ങളുടെ വെബ് ബ്രൗസറുകളിൽ ഇതിനകം പാസ്‌കീ സംവിധാനം അവതരിപ്പിച്ചിട്ടുണ്ട്. മെറ്റയെ പോലുള്ള കമ്പനികളും പാസ് വേഡുകൾ ഒഴിവാക്കാനുള്ള ശ്രമങ്ങളിലാണ്.

വാട്‌സാപ്പിൽ പാസ് കീ സംവിധാനം വരുന്നതോടെ നിങ്ങളുടെ അനുവാദമില്ലാതെ മറ്റാർക്കും വാട്‌സാപ്പ് തുറക്കാൻ സാധിക്കുകയില്ല. ഐഫോണിലെ ഏക ബയോമെട്രിക് സംവിധാനമായ ഫേസ് ഐഡി സംവിധാനവും ഇത് പിന്തുണയ്ക്കും. നിലവിൽ വാട്‌സാപ്പിൻ്റെ ബീറ്റ വേർഷനിൽ മാത്രമാണ് പാസ്കീ ഫീച്ചർ ലഭിക്കുക.
ഓൺ ഡിവൈസ് ഒതൻ്റിക്കേഷന് വേണ്ടിയാണ് ഗൂഗിൾ പാസ് കീകൾ അനുവദിക്കുന്നത്. ഈ പാസ്‌കീ തന്നെയാണ് വാട്‌സാപ്പും ഉപയോഗിക്കുക. വാട്സാപ്പിന്റെ മൾട്ടിപ്പിൾ ഡിവൈസ് ലോഗിന് അടക്കം ഇത് ഉപയോഗിക്കും. നിലവിൽ ചുരുക്കം ചില ബീറ്റാ ടെസ്റ്റർമാർക്ക് മാത്രമാണ് ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളതെന്ന് ബീറ്റാ ഇൻഫോ റിപ്പോർട്ടിൽ പറയുന്നു.
ബീറ്റാ പതിപ്പിൽ വന്ന ഫീച്ചറുകൾ സാധാരണ ചുരുക്കം ചില മാസങ്ങൾക്കുള്ളിൽ വാട്‌സാപ്പിൻ്റെ സ്റ്റേബിൾ വേർഷനിൽ എത്താറുണ്ട്.

അതേസമയം വാട്‌സാപ്പ് ഒരു പ്രത്യേക ഐപാഡ് ആപ്പ് നിർമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. മാക്ക് ഒഎസ്, വെബ് വെർഷനുകൾക്ക് സമാനമായിരിക്കും ഇത്. ഇതിൽ ലൈവ് ലൊക്കേഷൻ ഫീച്ചർ ഉണ്ടായിരിക്കില്ല. എന്നാൽ വീഡിയോ ഓഡിയോ കോൾ സൗകര്യമുണ്ടാവും.
വാട്സാപ്പിൽ നിന്ന് വരുമാനം കണ്ടെത്താനുള്ള കഠിന ശ്രമങ്ങളിലാണ് കമ്പനി. ഇതിന്റെ ഭാഗമായി വാട്‌സാപ്പിൽ പരസ്യങ്ങൾ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും മെറ്റ മേധാവി മാർക്ക് സക്കർബർഗ് ഇത് നിഷേധിച്ചു. അതേസമയം വാണിജ്യ സ്ഥാപനങ്ങളെ ഉപഭോക്താക്കളുമായി നേരിട്ട് ബന്ധിപ്പിക്കുന്ന പുതിയ സേവനങ്ങൾക്ക് വാട്‌സാപ്പ് തുടക്കമിട്ടിട്ടുണ്ട്.


