ക്രിസ്ത്യൻ നേതാക്കളുടെ നേതൃത്വത്തിൽ പുതിയ രാഷ്ട്രീയപാർട്ടി രൂപവത്കരിച്ചു. നാഷണൽ ഫാർമേഴ്‌സ് പാർട്ടി(NFP) എന്ന പേരിൽ രൂപവത്കരിച്ച സംഘടനയുടെ ചെയർമാൻ കേരള കോൺഗ്രസ് മുൻ ചെയർമാനായ ജോർജ് ജെ. മാത്യുവാണ്. പി.എം. മാത്യു ജനറൽ സെക്രട്ടറി.
വരുന്ന തിരഞ്ഞെടുപ്പുകളിൽ പാർട്ടി മത്സരിക്കുമെന്ന് ചെയർമാനായ ജോർജ് ജെ. മാത്യു പറഞ്ഞു. ഏതെങ്കിലും മുന്നണിയോട് ചേരില്ല എന്ന് പറയാനാകില്ല. രണ്ട് മുന്നണികളും കർഷകരെ കബളിപ്പിക്കുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളും കർഷകരെ അവഗണിക്കുകയാണെന്നും ജോർജ് ജെ. മാത്യു പറഞ്ഞു.

നല്ല സുഹൃത്തായത് കൊണ്ടാണ് ഇന്നലത്തെ ചടങ്ങിൽ തുഷാർ വെള്ളാപ്പള്ളി വന്നത്. ദുഷ്പ്രചാരണം നടന്നതുകൊണ്ടാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി വരാതിരുന്നത്. രാഷ്ട്രീയ പാർട്ടി രൂപവത്‌കരിക്കുമെന്ന് കർദിനാളിന് അറിയില്ലായിരുന്നു. സഭയുടെ പിന്തുണ ഉണ്ടെന്നോ ഇല്ലെന്നോ പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജലസേചനത്തിന് ഉപയോഗിക്കുന്ന സ്പ്രിംഗ്ലർ, ഡ്രോൺ, റോക്കറ്റ് എന്നിവയിൽ ഏതെങ്കിലും പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമാക്കാനാണ് ആലോചന.
ജോർജ് ജെ. മാത്യുവിൻ്റെ നേതൃത്വത്തിൽ ബിജെപി അനുകൂല രാഷ്ട്രീയ സംഘടന രൂപവത്‌കരിക്കുമെന്ന് കഴിഞ്ഞദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു. കേരള ഫാർമേഴ്‌സ് ഫെഡറേഷൻ എന്ന സംഘടനയുടെ നേതൃത്വത്തിലായിരിക്കും പുതിയ രാഷ്ട്രീയസംഘടന രൂപവത്കരിക്കുകയെന്നും സൂചനയുണ്ടായിരുന്നു. കഴിഞ്ഞദിവസം കേരള ഫാർമേഴ്‌സ് ഫെഡറേഷൻ കോട്ടയത്ത് ‘കേരള അവകാശ സംരക്ഷണ സംഗമം’ സംഘടിപ്പിച്ചിരുന്നു. ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി അടക്കമുള്ളവർ ഈ ചടങ്ങിൽ പങ്കെടുക്കുകയുംചെയ്‌തു.


