ദില്ലിയിലെ വായുമലിനീകരണം കൊലപാതകത്തിന് തുല്യമെന്ന് സുപ്രീംകോടതി.പഞ്ചാബിലെ കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നത് തടയാൻ പോലീസിനെ ഇറക്കണമെന്ന് നിർദ്ദേശിച്ച കോടതി ഒരിഞ്ച് പോലും ഇക്കാര്യത്തിൽ ഇനി വിട്ടുവീഴ്ച അനുവദിക്കില്ലെന്നും വ്യക്തമാക്കി. കെജരിവാളിന്റെ മുഖത്തേറ്റ അടിയാണ് കോടതി പരാമർശങ്ങളെന്ന് ബിജെപി പ്രതികരിച്ചു.

എല്ലാ വർഷവും ഇങ്ങനെ സഹിച്ചിരിക്കാൻ പറ്റില്ലെന്നും രാഷ്ട്രീയക്കളി അവസാനിപ്പിച്ചോളൂയെന്നും കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ചാണ് മലിനീകരണത്തിൽ ദില്ലി പഞ്ചാബ് സർക്കാരുകൾക്കെതിരെ സുപ്രീംകോടതി ആഞ്ഞടിച്ചത്.മലനീകരണം പേടി സ്വപ്നമായി മാറുകയാണ്.
കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നതും വാഹനങ്ങൾ ഉണ്ടാക്കുന്ന മലിനീകരണവുമാണ് പ്രധാന കാരണങ്ങൾ.ദില്ലിയിൽ കുട്ടികളടക്കം നിരവധി പേരാണ് രോഗികളാകുന്നത്. പഞ്ചാബിൽ കാർഷികാവശിഷ്ടങ്ങൾ കത്തിക്കരുതെന്ന് നിർദ്ദേശമുള്ളപ്പോഴും സർക്കാർ കഴ്ചക്കാരാകുകയാണ്.ഹരിയാനയിലും കത്തിക്കുന്നു. ചീഫ് സെക്രട്ടറിമാരാണ് ഉത്തരവാദികൾ. അതാതിടങ്ങളിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരാണ് ഇത് തടയേണ്ടത്. ഇനി ആവർത്തിച്ചാൽ ഉത്തരവാദിത്തം രണ്ട് കൂട്ടർക്കായിരിക്കുമെന്നും കോടതി പറഞ്ഞു.
ദില്ലിയും പഞ്ചാബും ഭരിക്കുന്നത് ഒരേ സർക്കാരല്ലേയെന്നും കോടതി ചോദിച്ചു. മലനീകരണ നിയന്ത്രണ നിർദ്ദേശങ്ങൾ ലംഘിച്ചതിന് 27, 743 പിഴ ചെലാനുകൾ നൽകിയിട്ടുണ്ടെന്നും, പതിനഞ്ച് വർഷം കഴിഞ്ഞ പതിനാലായിരത്തിലധികം വാഹനങ്ങൾ കണ്ടുകെട്ടിയിട്ടുണ്ടെന്നും ദില്ലി സർക്കാർ കോടതിയെ അറിയിച്ചു.

ഒറ്റ ഇരട്ട അക്ക വാഹന നിയന്ത്രണം ഇത്തവണയും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചപ്പോൾ മുൻപ് അത് ഫലപ്രദമായിരുന്നോയെന്നും കോടതി ചോദിച്ചു.ഹർജി വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും. ഇതിനിടെ ദില്ലിയിലെ വായു ഗുണനിലവാരത്തിൽ നേരിയ പുരോഗതി രേഖപ്പെടുത്തി. ഇന്നലെ 480 ആയിരുന്നു ഗുണലനിലവാര സൂചികയെങ്കിൽ ഇന്നത് 394 ആയിട്ടുണ്ട്


