തൃശൂർ കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് സ്റ്റേഷനിലെത്തിച്ച് മർദ്ദനത്തിന് വിധേയനാക്കിയതിൽ പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. സുജിത്തിന്റെ പോരാട്ടത്തിന് ഈ നാട് പിന്തുണ കൊടുക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഫേസ്്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം. പ്രസ്ഥാനത്തിനും ഈ നാടിനും വേണ്ടി നിരവധി യൂത്ത് കോൺഗ്രസുകാരാണ് ഇക്കാലയളവിൽ പോലീസിന്റെ ക്രൂര മർദ്ദനങ്ങൾക്കു ഇരയായതെന്ന് രാഹുൽ കുറിച്ചു. അതിലെ ഏറ്റവും ക്രൂരമായ അനുഭവമാണ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത് നേരിടേണ്ടി വന്നത്. സുജിത്തിനെ മർദിച്ച് അവശനാക്കിയ ശേഷം കള്ളക്കേസിൽ കുടുക്കാനും ശ്രമിച്ചു. നീണ്ട രണ്ട് വർഷത്തെ പോരാട്ടത്തിന്റെ ഭാഗമായാണ് ഈ ദൃശ്യങ്ങൾ പുറത്ത് വന്നത് – അദ്ദേഹം വിശദമാക്കി.

കുന്നംകുളത്ത് യുവാവിനെ പൊലീസ് കസ്റ്റഡിയിൽ അതിക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. 2023 ഏപ്രിൽ 5ന് നടന്ന കസ്റ്റഡി മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത് കോടതിയുടെ സുപ്രധാന ഇടപെടൽ വഴി. സുഹൃത്തിനെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതോടെയാണ് യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത് വി എസിനെ പൊലീസ് മർദിച്ചത്. ക്രൂരമർദനത്തിൽ സുജിത്തിന്റെ ചെവിക്ക് ഗുരുതര പരുക്കേറ്റു. ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസിനെതിരെ കടുത്ത പ്രതിഷേധമാണ് യൂത്ത് കോൺഗ്രസും കോൺഗ്രസും ഉയർത്തുന്നത്.


