സിപിഐഎമ്മും ബിജെപിയും വർഗീയ കാർഡിറക്കി തെരഞ്ഞെടുപ്പിനെ നേരിടുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ന്യൂനപക്ഷങ്ങൾക്കിടയിൽ സംഘർഷം വർധിപ്പിച്ച് ആശങ്ക ഉണ്ടാക്കാനും ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കാനുമാണ് സിപിഐഎമ്മും ബിജെപിയും ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് മുന്നിൽ ഒന്നും പറയാൻ ഇല്ലാത്തതിനാലാണ് ബിജെപി ലൗ ജിഹാദ് വിഷയം ഉയർത്തിക്കൊണ്ടുവരുന്നത്. തീവ്രവർഗീയത ഇളക്കിവിടാനാണ് സിപിഐഎമ്മിന്റെയും ബിജെപിയുടെയും ശ്രമം. താൻ ഇക്കാര്യം നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. മതേതര പ്രസ്ഥാനമാണ് കോൺഗ്രസ്. എല്ലാ മതവിഭാഗങ്ങളുടേയും ആശങ്ക കോൺഗ്രസ് പരിഹരിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
സിപിഐഎമ്മും കോൺഗ്രസും തമ്മിൽ ചില സീറ്റുകളിൽ ധാരണയുണ്ടാക്കിയെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രസ്താവന വിചിത്രമാണ്. നിറംപിടിപ്പിച്ച നുണപ്രചരണം മാത്രമാണത്. ബിജെപിയും സിപിഐഎമ്മും തമ്മിലാണ് രഹസ്യധാരണ ഉണ്ടാക്കിയിട്ടുള്ളത്. ഇത് മാസങ്ങളായി താൻ തുടരെത്തുടരെ പറഞ്ഞു കൊണ്ടിരിക്കുകയാണ്. ഇരുവരും കോൺഗ്രസിനെയാണ് ശത്രുവായി കാണുന്നത്. സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള പരസ്പര ധാരണ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതാണ്. തില്ലങ്കേരി മോഡൽ ധാരണ സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കാനാണ് ഇരുകൂട്ടരുടേയും ശ്രമം. തന്റെ ഈ ആരോപണത്തിന് സിപിഐഎമ്മിന്റെയും ബിജെപിയുടെയും നേതാക്കൾ മറുപടി പറയാൻ ഇതുവരെ തയാറാകാത്തതും അതുകൊണ്ടാണ്. ലീഗിനോട് സിപിഐഎമ്മിന് അസ്പർശ്യതയാണ്. പതിറ്റാണ്ടുകളായി ലീഗ് യുഡിഎഫിന്റെ ഭാഗമാണ്. പി.സി. ജോർജിന്റെ ആക്ഷേപങ്ങൾക്ക് മറുപടി പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.


