തിരുവനന്തപുരത്ത് ജന്തുജന്യരോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാട് സ്വദേശികളായ അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. രോഗം കന്നുകാലിയിൽ നിന്നാണ് പകർന്നതെന്നാണ് നിഗമനം. ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

കന്നുകാലികളിൽ നിന്നാണ് ബാക്ടീരിയ മനുഷ്യരിലേക്ക് പകരാറുള്ളത്. പനി, തലവേദന, പേശി വേദന, സന്ധി വേദന, ക്ഷീണം എന്നിവയാണ് ബ്രൂസെല്ലയുടെ ലക്ഷണങ്ങൾ. ലക്ഷണങ്ങളെ തുടർന്ന് മകനാണ് ആദ്യം ചികിത്സ തേടിയത്. തുടർന്ന് രോഗം സ്ഥിരീകരിച്ചു. പിന്നാലെ അച്ഛനും രോഗം സ്ഥിരീകരിച്ചു. അച്ഛൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇരുവരുടെയും ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം.

കഴിഞ്ഞ ജൂലൈ മാസത്തിൽ കൊല്ലം ജില്ലയിലെ കടക്കലിൽ ഏഴ് വയസ്സുകാരിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.


