തമിഴ്‌നാട്ടിൽ ഉൽപ്പാദനം കുറഞ്ഞതോടെ കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുത്തനെ ഇടിഞ്ഞു. തമിഴ്‌നാട് അതിർത്തിയിലുള്ള പാലക്കാട് വേലന്താവളം മാർക്കറ്റിൽ പച്ചക്കറി എത്തുന്നത് 60 ശതമാനമാണ് കുറഞ്ഞത്. ഇതോടെ പച്ചക്കറി വില വീണ്ടും ഉയരാനാണ് സാധ്യത. നേരത്തെ പടവലം 15 രൂപയായിരുന്നു വില ഇപ്പോളത് 25 രൂപയായി ഉയർന്നു.
25 രൂപ വിലയുണ്ടായിരുന്ന വഴുതനങ്ങ 40 രൂപയിലേക്ക് എത്തി. 40 രൂപ വിലയുണ്ടായിരുന്ന കടച്ചക്കയുടെ നിലവിലെ വില 60 രൂപയാണ്. 25 രൂപ വിലയുണ്ടായിരുന്ന തക്കാളി 60 രൂപയിലെത്തിയാണ് നിൽക്കുന്നത്. 25 രൂപ വിലയുള്ള വെണ്ട 45 രൂപയിലെത്തി. 30 രൂപ വിലയുള്ള പയർ 80 രൂപ വരെയെത്തി.
സാധാരണ രാവിലെ വേലന്താവളം പച്ചക്കറി മാർക്കറ്റിൽ എത്തിയാൽ കാലുകുത്താൻ ഇടം ഉണ്ടാകില്ല. പച്ചക്കറി ചാക്കുകൾ കുന്നു കൂടി കിടക്കും. പക്ഷെ ഇപ്പോൾ ഇതാണ് കാലിയാണ് ആ ചന്ത. തമിഴ്‌നാട്ടിൽ നിന്നുള്ള പച്ചക്കറി വരവ് പകുതിയിലേറെ കുറഞ്ഞിരിക്കുന്നു. മഴ കുറവായതിനാൽ പച്ചക്കറി ഉൽപ്പാദനം കുറഞ്ഞതാണ് തിരിച്ചടി. ഇതോടെ തക്കാളി മുതലിക്കോട്ട് എല്ല പച്ചക്കറികൾക്കും വില കുത്തനെ ഉയർന്നിട്ടുണ്ട്. ഈ അവസ്ഥ തുടരുകയാണെങ്കിൽ വില ഇനിയും ഉയർന്നേക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.
പാലക്കാടൻ ഗ്രാമങ്ങളിൽ നിന്നുള്ള പച്ചക്കറികളാണിപ്പോൾ വേലന്താവളം മാർക്കറ്റിൽ കൂടുതലായി എത്തുന്നത്. എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലേക്ക് ഏറ്റവും കൂടുതൽ പച്ചക്കറികൾ പോകുന്നത് വേലന്താവളം മാർക്കറ്റ് വഴിയാണ്. 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന വേലന്താവളം മാർക്കറ്റ് വീണ്ടും ഉഷാറാകണമെങ്കിൽ കാലാവസ്ഥ കനിയണം


