ഡെന്‍മാര്‍ക്കിനെ തോല്‍പ്പിച്ച് ആതിഥേയരായ ജര്‍മനി യൂറോ കപ്പ് ക്വാര്‍ട്ടറില്‍. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ജര്‍മനിയുടെ ജയം. മഴയും ഇടിമിന്നലുമുണ്ടായതിനെ തുടര്‍ന്ന് അല്‍പസമയം നിര്‍ത്തിവെക്കേണ്ടി വന്ന മത്സരത്തില്‍ രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. കായ് ഹാവെര്‍ട്്‌സ്, ജമാല്‍ മുസിയാല എന്നിവരാണ് ജര്‍മനിയുടെ ഗോളുകള്‍ നേടിയത്. അതേസമയം നിലവിലെ ചാംപ്യന്മാരായ ഇറ്റലി ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. സ്വിറ്റ്‌സര്‍ലന്‍ഡ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇറ്റലിയെ തോല്‍പ്പിച്ചത്. റെമോ ഫ്രലേര്‍, റൂബന്‍ വര്‍ഗാസ് എന്നിവരാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഗോളുകള്‍ നേടിയത്.
ജയിച്ചത് ജർമനിയെങ്കിൽ മത്സരത്തിൽ ആദ്യം വല കുലുക്കിയത് ഡെൻമാർക്കായിരുന്നു. 48-ാം ജ്വാകിം ആൻഡേഴ്‌സൺ ഡെൻമാർക്കിനായി ഗോൾ നേടി ആഘോഷം തുടങ്ങിയിരുന്നു. എന്നാൽ വാർ പരിശോധനയിൽ താരം ഓഫ് സൈഡാണെന്ന് തെളിഞ്ഞു. അഞ്ച് മിനിറ്റുകൾക്ക് ശേഷം ജർമനി മത്സരത്തിൽ ലീഡെടുത്തു. ജർമൻ താരത്തിന്റെ ക്രോസ് ഡാനിഷ് ബോക്‌സിലുണ്ടായിരുന്നു ആൻഡേഴ്‌സണിന്റെ കയ്യിൽ കൊള്ളുകയായിരുന്നു. പരിശോധനയ്ക്ക് ശേഷം റഫറി പെനാൽറ്റി സ്പോട്ടിലേക്ക് കൈ ചൂണ്ടി. ഹാവെർട്‌സിന് പിഴച്ചില്ല. ജർമനി മുന്നിൽ.
68ആം മിനിറ്റിൽ മുസിയാലയുടെ തകർപ്പൻ ഗോളിലൂടെ ജർമനി ലീഡുയർത്തി. ടൂർണമെന്റ്റിൽ താരത്തിന്റെ മൂന്നാം ഗോളാണിത്. ഷ്ളോട്ടർബെക്കിൻ്റെ അസിസ്റ്റിലായിരുന്നു ഗോൾ. ഇതിനു ശേഷവും നിരവധി അവസരങ്ങൾ സൃഷ്‌ടിച്ച ജർമനിക്ക് പക്ഷെ അധിക ഗോളുകൾ നേടാൻ സാധിച്ചില്ല.
ഇറ്റലിക്കെതിരെ രണ്ട് പാദങ്ങളിലുമായിട്ടാണ് സ്വിറ്റ്‌സർലൻഡ് ഗോൾ നേടിയത്. 37-ാം മിനിറ്റിൽ വർഗാസിന്റെ അസിസ്റ്റിലായിരുന്നു ആദ്യ ഗോൾ. ഫ്രലേറുടെ ഷോട്ട് ഇറ്റാലിയൻ ഗോൾ കീപ്പർ ഡോണറുമയുടെ കൈകളിൽ തട്ടി വലയിലേക്ക്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ വിജയമുറപ്പിച്ച ഗോളും പിറന്നു. ഇത്തവണ മൈക്കൽ എബിഷേറാണ് ഗോളിന് വഴിയൊരുക്കിയത്. വാർഗാസ് നിറയൊഴിച്ചതോടെ ഇറ്റലിയുടെ പതനം പൂർണം.


