ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) പന്ത്രണ്ടാമത് മന്ത്രിതല സമ്മേളനം നവംബർ 30 മുതൽ ഡിസംബർ 3 വരെ ജനീവയിൽ നടക്കാനിരിക്കെയാണ് ഒമിക്രോൺ വൈറസിന്റെ വരവ് അതോടെ അനിശ്ചിത കാലത്തേക്ക് സമ്മേളനം നീട്ടിവയ്ക്കാൻ തീരുമാനമായി. അംഗരാജ്യങ്ങളിലെ വ്യാപാര–വാണിജ്യ മന്ത്രിമാരാണ് ഈ സമ്മേളനത്തിൽ പങ്കെടുക്കേണ്ടിയിരുന്നത്. സമ്മേളനത്തിന്റെ പുതുക്കിയ തീയതിയിൽ ഇതുവരെ തീരുമാനമായിട്ടില്ല.

തീരുമാനമെടുക്കേണ്ട ഒട്ടേറെ നിർണായക വിഷയങ്ങൾ ഇതിലുണ്ട്. അതിൽ ഇന്ത്യയ്ക്കും നിർണായക പങ്കുണ്ട്.
രണ്ടു വർഷത്തിലൊരിക്കൽ ചേരുന്ന മന്ത്രിതല സമ്മേളനമാണ് ഡബ്ല്യുടിഒയുടെ പരമോന്നത സമിതി. ഡബ്ല്യുടിഒയിൽ ഭൂരിപക്ഷ നിലപാടിന്റെ അടിസ്ഥാനത്തിലല്ല, അഭിപ്രായ ഐക്യത്തിലൂടെയാണ് തീരുമാനങ്ങളിലെത്തുക.


ഇത്തവണത്തെ അജണ്ടയിലെ നാലു വിഷയങ്ങളെങ്കിലും ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ഫിഷറീസ് മേഖലയിൽ ഉദ്ദേശിക്കുന്ന സബ്സിഡി നിയന്ത്രണങ്ങൾ, കാർഷിക മേഖലയിലെ സബ്സിഡി നിയന്ത്രണങ്ങൾ, ഇ–കൊമേഴ്സ്, കോവിഡ് ചികിൽസാ സാമഗ്രികളുടെ ബൗദ്ധിക സ്വത്തവകാശത്തിൽ ഇളവുകൾ വേണമെന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും മുൻകൈയെടുത്തു മുന്നോട്ടുവച്ചിട്ടുള്ള നിർദ്ദേശങ്ങൾ എന്നിവയാണവ.


