ഗ്യാസ് കട്ടർ ഉപയോഗിച്ച് എ.ടി.എം മെഷീൻ തകർക്കുന്നതിടെയുണ്ടായ തീപിടിത്തത്തിൽ 21 ലക്ഷം രൂപ കത്തിനശിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ ശനിയാഴ്‌ച അർധരാത്രിയോടെയാണ് സംഭവം. വിഷ്ണുനഗറിലെ ദേശസാൽകൃത ബാങ്കിന്റെ എ.ടി.എമ്മാണ് മോഷ്ടാക്കൾ തകർക്കാൻ ശ്രമിച്ചത്.

ഗ്യാസ് കട്ടറിൽനിന്നുള്ള കനത്ത ചൂടിൽ എ.ടി.എം മെഷീന് തീപിടിക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. 21,11,800 രൂപ കത്തിനശിച്ചതായും മെഷീന് കാര്യമായ കേടുപാടുകൾ സംഭവിച്ചതായും ഇവർ പറഞ്ഞു. സംഭവത്തിൽ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്‌ത പോലീസ് അന്വേഷണം ആരംഭിച്ചു.




