ഷിരൂരില്‍ ദേശീയപാതയിലേക്ക് മലയിടിഞ്ഞുവീണതിനെത്തുടർന്നുണ്ടായ ദുരന്തത്തില്‍ കാണാതായ ഏഴുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.
അപകടത്തില്‍പ്പെട്ടതായി സംശയിക്കുന്ന കോഴിക്കോട് മുക്കം സ്വദേശിയായ ലോറി ഡ്രൈവർ അർജുൻ ഉള്‍പ്പെടെയുള്ളവർക്കായി എൻഡിആർഎഫിന്‍റെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുന്നു.
കർണാടകയില്‍നിന്നു തടി കയറ്റി കോഴിക്കോട്ടേക്കു വരികയായിരുന്ന ലോറിയില്‍ അർജുൻ മാത്രമാണ് ഉണ്ടായിരുന്നത്. അപകടം നടന്ന സ്ഥലത്തിനു സമീപമാണു ലോറിയുടെ ജിപിഎസ് ലൊക്കേഷൻ അവസാനമായി കാണിച്ചിരിക്കുന്നത്.
കനത്ത മഴയ്ക്കിടെ മലയുടെ ഒരു ഭാഗം അടർന്ന് ദേശീയപാതയിലേക്ക് പതിക്കുകയും തുടർന്ന് ദേശീയപാതയുടെ ഒരു ഭാഗം ഇടിഞ്ഞ് ഗംഗാവതി നദിയിലേക്കു വീഴുകയുമായിരുന്നു.
പാതയോരത്തുണ്ടായിരുന്ന ഒരു വീടും കാന്‍റീനുമടങ്ങുന്ന കെട്ടിടവും അതിനു മുന്നില്‍ നിർത്തിയിരുന്ന ഗ്യാസ് ടാങ്കർ ലോറിയും നദിയിലേക്ക് പതിച്ചിരുന്നു. ഈ വീട്ടിലുണ്ടായിരുന്ന ലക്ഷ്മണ്‍ നായിക്, ഭാര്യ ശാന്തി, മക്കളായ റോഷൻ, അവന്തിക, ഗ്യാസ് ടാങ്കറിന്‍റെ ഡ്രൈവർമാരായിരുന്ന തമിഴ്നാട് സ്വദേശികളായ ചിന്ന, മുരുഗൻ എന്നിവരുടെയും ജഗന്നാഥ് എന്നയാളിന്‍റെയും മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. മൃതദേഹങ്ങളില്‍ പലതും സംഭവസ്ഥലത്തുനിന്ന് നാല്പതോളം കിലോമീറ്റർ അകലെ വരെ ഒഴുകിപ്പോയിരുന്നു.


