രാഷ്ട്രീയ നേട്ടത്തിനായി കോൺഗ്രസിലെ ചിലർ സീസണൽ ഹിന്ദുവാകുകയാണെന്ന് കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിങ്. മധ്യപ്രദേശിൽ ഭരണത്തിലെത്തുന്നതിലൂടെ അഞ്ചുകാര്യങ്ങൾ ഉറപ്പുനൽകുമെന്നാണ് കോൺഗ്രസ് പറയുന്നത്. പ്രതിപക്ഷ പാർട്ടിയുടെ വ്യാജമുഖമാണ് ഇപ്പോൾ വ്യക്തമാകുന്നതെന്നും രാജ്നാഥ് സിങ് പറഞ്ഞു. കിസാൻ കല്യാൺ മഹാകുംഭിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നർമദ നദിക്കു വേണ്ടി പ്രാർഥിച്ചുകൊണ്ട് പ്രിയങ്ക നടത്തിയ പ്രസംഗത്തിനു തൊട്ടുപിന്നാലെയാണ് രാജാനാഥ് സിങ്ങിന്റെ പ്രതികരണം. “ചില കോൺഗ്രസ് നേതാക്കൾ സീസണൽ ഹിന്ദുക്കളാണെന്ന് ഞാൻ പറയും. എന്തുകൊണ്ടാണ് നർമദയെ അവർ മുൻപ് ഓർക്കാതിരുന്നതെന്ന് ഞാൻ അവരോടു ചോദിക്കുകയാണ്. എന്തുകൊണ്ടാണ് നിങ്ങൾ ഇപ്പോൾ നർമദയെ ഓർത്തത്?’ രാജ്നാഥ് സിങ് ചോദിച്ചു. നർമദ നദിയെ ജീവജാലമായി പ്രഖ്യാപിച്ചത് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ്.

“കോൺഗ്രസ് മീറ്റിങ്ങുകളിൽ ഹനുമാൻജിയുടെ പ്രതിമകളൊക്കെ വരാൻ തുടങ്ങി. മുൻപ് രാമന്റെയും ഹനുമാന്റെയും പേരുകൾ പറയാൻ പോലും അവർക്കു ബുദ്ധിമുട്ടായിരുന്നു. പൊതുജന മധ്യത്തിൽ വ്യാജമുഖവുമായി എത്തുകയാണ് കോൺഗ്രസ് ഇപ്പോൾ. കമൽനാഥിന്റെ സർക്കാർ ഭരിക്കുമ്പോൾ നിരവധി വാഗ്ദാനങ്ങൾ നൽകിയിരുന്നു. ഒന്നും പൂർത്തിയാക്കാതെ ഇപ്പോൽ വീണ്ടും
വാഗ്ദാനങ്ങളുമായി എത്തുകയാണ് കോൺഗ്രസ്. – രാജ്നാഥ് സിങ് വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹം നേതൃത്വം നൽകുന്ന ബിജെപി സർക്കാരും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നൽകിയ എല്ലാ വാഗ്ദാനങ്ങളും നടപ്പാക്കിയെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു. മധ്യപ്രദേശിൽ ഇത്തവണ കൂടുതൽ സീറ്റു നേടി വിജയിക്കുമെന്നും രാജ്നാഥ് സിങ് പ്രത്യാശ പ്രകടിപ്പിച്ചു.
കർഷകർ അന്നദാതാക്കളും ജീവദാതാക്കളുമാണ്. കർഷക ശാക്തീകരണത്തിലൂടെ മാത്രമേ ഇന്ത്യ ശക്തമായ രാജ്യമായി മാറുകയുള്ളൂ എന്നും മന്ത്രി ഓർമിപ്പിച്ചു. കർഷക ക്ഷേമത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. കഴിഞ്ഞ 60 വർഷമായി കർഷക ക്ഷേമത്തിനായി കോൺഗ്രസ് ഒന്നും ചെയ്തിട്ടില്ല. ‘ രാജ്നാഥ് സിങ് വ്യക്തമാക്കി.


