കോവിഡ് പ്രതിസന്ധികൾ മറികടന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ) പ്രതാപം വീണ്ടെടുക്കുന്നു. ഒരു കലണ്ടർ വർഷം ഒരു കോടി യാത്രക്കാർ എന്ന ചരിത്ര നേട്ടത്തിലേക്ക് എത്തുകയാണ് സിയാൽ. വ്യാഴാഴ്‌ച യാത്രക്കാരുടെ എണ്ണം ഒരു കോടിയിലെത്തും. ഒരു കോടി യാത്രക്കാരെന്ന എണ്ണം തികക്കുന്ന യാത്രക്കാരനെ ഇന്ന് വൈകുന്നേരം സിയാൽ അധികൃതർ ആദരിക്കും. ഈ മാസം ഒരു കോടി പിന്നിടുകയും ചെയ്യും. 25 വർഷത്തെ പ്രവർത്തന ചരിത്രത്തിൽ ആദ്യമായാണ് സിയാൽ ഒരു കലണ്ടർ വർഷം ഒരു കോടി യാത്രക്കാരെ കൈകാര്യം ചെയ്യുന്നത്.

അതേസമയം ഏറ്റവും പുതിയ സാങ്കേതികവിദ്യ കൂടുതലായി ഉപയോഗപ്പെടുത്തി യാത്രക്കാർക്ക് അവരുടെ യാത്ര കൂടുതൽ സുഗമവും സൗകര്യപ്രദവുമാക്കുന്നതിന് സിയാൽ പരമാവധി ശ്രദ്ധിക്കുന്നതായി സിയാൽ എം.ഡി. എസ്. സുഹാസ് പറഞ്ഞു. വരും വർഷങ്ങളിലും ഒരു കോടിയിലധികം യാത്രക്കാർ സിയാലിനെ ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷ. ആഗോള നിലവാരത്തിലുള്ള സൗകര്യങ്ങളും സംവിധാനങ്ങളുമാണ് സിയാൽ യാത്രക്കാർക്കായി എപ്പോഴും ഒരുക്കികൊണ്ടിരിക്കുന്നത്. ഏറ്റവും പുതിയ സാങ്കേതികവിദ്യ കൂടുതലായി ഉപയോഗപ്പെടുത്തി യാത്രക്കാർക്ക് അവരുടെ യാത്ര കൂടുതൽ സുഗമവും സൗകര്യപ്രദവുമാക്കുന്നതിന് സിയാൽ പരമാവധി ശ്രദ്ധിക്കുന്നുണ്ട്. ഡിജി യാത്ര, സ്‌മാർട്ട് പാർക്കിങ് പോലുള്ള നൂതന സംവിധാനങ്ങൾ ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു സാമ്പത്തിക വർഷം ഒരു കോടി യാത്രക്കാരെ കൈകാര്യം ചെയ്ത ചരിത്രവും സിയാലിനുണ്ട്. 2018-19 സാമ്പത്തിക വർഷമാണ് സിയാൽ ഈ നേട്ടം കൈവരിച്ചത്. കോവിഡ് കാലത്ത് യാത്രക്കാരുടെ എണ്ണത്തിൽ ഇടിവുണ്ടായതിനാൽ പിന്നീട് ഈ നേട്ടത്തിലേക്ക് എത്താൻ സിയാലിന് കഴിഞ്ഞിരുന്നില്ല. യാത്രക്കാർക്കായി വിവിധ സേവനങ്ങൾ ഏർപ്പെടുത്തിയും കൂടുതൽ വിമാനകമ്പനികളെ ആകർഷിക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കിയും സിയാൽ ഇക്കുറി ചരിത്രനേട്ടം കൈവരിക്കുകയാണ്.
25000-32000 യാത്രക്കാരാണ് നിത്യേന കൊച്ചി വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്. ഈ വർഷം ജനുവരി മുതൽ നവംബർ വരെ 94,66,698 യാത്രക്കാർ കൊച്ചി വഴി പറന്നു. ഇത് റെക്കോർഡ് നേട്ടമാണ്. ഈ വർഷം ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്‌തത് മേയ് മാസത്തിലാണ്. 9,22,391 പേർ. ഏറ്റവും കുറവ് പേർ യാത്ര ചെയ്തിരിക്കുന്നത് ഫെബ്രുവരിയിലാണ്. 7,71,630 പേർ.
ഈ വർഷം ആഭ്യന്തര യാത്രക്കാരാണ് കൂടുതലുള്ളത്. നവംബർ വരെ 50,96,121 പേർ കൊച്ചി വഴി ആഭ്യന്തര യാത്ര നടത്തി. 25,61,319 പേരാണ് കൊച്ചിയിൽ നിന്നും വിവിധ ആഭ്യന്തര കേന്ദ്രങ്ങളിലേക്ക് പറന്നത്. 25,34,802 പേർ കൊച്ചിയിൽ വന്നിറങ്ങുകയും ചെയ്‌തു. മേയ് മാസത്തിലാണ് ഏറ്റവും കൂടുതൽ പേർ ആഭ്യന്തര യാത്രക്കായി കൊച്ചിയെ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. 4,98,761 പേർ. ഏറ്റവും കൂടുതൽ ആഭ്യന്തര യാത്രക്കാർ കൊച്ചിയിൽ വന്നിറങ്ങിരിക്കുന്നത് മേയ് മാസത്തിലാണ്. 2,55,209 പേർ. ഇവിടെ നിന്നും ആഭ്യന്തര കേന്ദ്രങ്ങളിലേക്ക് പറന്നവരുടെ എണ്ണം കൂടുതലുള്ളത് ഏപ്രിൽ മാസത്തിലാണ്. 2,50,222 പേർ.

നവംബർ വരെ 43,70,577 അന്താരാഷ്ട്ര യാത്രക്കാരാണ് കൊച്ചി വിമാനത്താവളം ഉപയോഗപ്പെടുത്തിയിരിക്കുന്നത്. 21,03,334 പേർ ഇവിടെ വന്നിറങ്ങിയപ്പോൾ 22,67,243 പേർ ഇവിടെ നിന്നും വിദേശത്തേക്ക് പറന്നു. ഓഗസ്റ്റിലാണ് കൊച്ചി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര യാത്രക്കാരെ കൈകാര്യം ചെയ്തിരിക്കുന്നത്. 4,44,594 പേരെ. ജൂലായ് മാസത്തിലാണ് വിദേശത്ത് നിന്ന് ഏറ്റവും കൂടുതൽ യാത്രക്കാർ വന്നിരിക്കുന്നത്. 2,24,350 പേർ. ഇവിടെ നിന്നും വിദേശത്തേയ്ക്ക് പറന്നവരുടെ എണ്ണം ഓഗസ്റ്റിലാണ് കൂടുതൽ. 2,41,619 പേർ. ജനുവരി മുതൽ നവംബർ വരെ മൊത്തം 62,781 വിമാനങ്ങളാണ് കൊച്ചി വഴി പറന്നത്.
ഏറ്റവും കൂടുൽ വിമാനസർവീസ് നടന്നത് ഒക്ടോബറിലാണ്. 5992 സർവീസുകൾ. 36,606 ആഭ്യന്തര സർവീസുകളും 26,175 അന്താരാഷ്ട്ര സർവീസുകളുമാണ് ഈ കാലയളവിൽ നടന്നത്. ഏറ്റവും കൂടുതൽ ആഭ്യന്തര വിമാനസർവീസ് നടന്നത് മാർച്ചിലാണ്. 3458 സർവീസ്. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര സർവീസ് നടന്നത് ഓഗസ്റ്റിലും. 2570 സർവീസ്. കൂടുതൽ വിമാനകമ്പനികളെ കൊച്ചിയിലേയ്ക്ക് ആകർഷിക്കുന്നതിനുള്ള കർമ്മപദ്ധതികളുമായി സിയാൽ മുന്നോട്ടുപോകുകയാണ്.


