എരുമേലി ∙ തിരുവനന്തപുരം – കാസർകോട് മലയോര ഹൈവേയുടെ ഭാഗമായി കരിങ്കല്ലുമ്മൂഴി – പ്ലാച്ചേരി റീച്ചിലെ 7.50 കിലോമീറ്റർ ദൂരം വികസിപ്പിക്കുന്നതിനു മുന്നോടിയായി റോഡ് അളക്കുന്ന ജോലി ആരംഭിച്ചു.

33.50 രൂപയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുളളത്. റോഡ് ഫണ്ട് ബോർഡാണ് നിർമാണ ചുമതല. കരാറുകാരനായ രാജി മാത്യു റോഡ് വർക്ക് ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പൊതുജനങ്ങളെ കാര്യമായി ബാധിക്കാത്ത വിധമാണ് റോഡിനു സ്ഥലം ഏറ്റെടുക്കുക എന്നാണ് അധികൃതർ പറയുന്നത്. എന്നാൽ സ്ഥലം ഏറ്റെടുപ്പിനു പണം അനുവദിച്ചിട്ടില്ല. സ്ഥലം സൗജന്യമായി ലഭ്യമാക്കണം എന്നതാണ് സർക്കാർ നിലപാട് ശ്രീനിപുരം കോളനി അടക്കമുള്ള സ്ഥലത്തുനിന്ന് റോഡിനായി സ്ഥലം ഏറ്റെടുക്കേണ്ടിവരും.

ഇവിടെ സൗജന്യമായി സ്ഥലം ലഭിക്കില്ല. ഇത് പ്രതിസന്ധിയായി നിൽക്കുകയാണ്. ടെൻഡർ നടപടികൾ പൂർത്തിയായിട്ടും സ്ഥലം ഏറ്റെടുപ്പ് സംബന്ധിച്ച് തീരുമാനം വൈകുന്നതു മൂലമാണ് റോഡ് വികസനം വൈകുന്നത്പുനലൂർ മൂവാറ്റുപുഴ സംസ്ഥാന ഹൈവേയിൽ പ്ലാച്ചേരി ജംക്ഷനിൽ നിന്ന് ആരംഭിച്ച് കരിങ്കല്ലുമ്മൂഴി വരെയാണ് ആദ്യ റീച്ചിൽ വികസിപ്പിക്കുന്നത്. റോഡിന്റെ 80 % വനത്തിലൂടെയാണ് കടന്നു പോകുന്നത്. നിലവിൽ ഏഴ് മീറ്ററാണ് റോഡിന്റെ വീതി. ഇത് 12 മീറ്ററായി ഉയരും. 9 മീറ്റർ വീതിയിൽ റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാറിങ് നടത്തും. നിലവിലെ റോഡിന്റെ ഇരുവശങ്ങളിൽ നിന്നും തുല്യമായി സ്ഥലം ഏറ്റെടുക്കും.ജംക്ഷൻ വികസനം, ബസ് ബേ, റോഡിന്റെ ഇരുവശങ്ങളിലും ഇന്റർ ലോക്ക് സ്ഥാപിക്കൽ, തുടങ്ങിയവയും പദ്ധതിയിലുണ്ട്.

ഇരുവശങ്ങളിലും നടപ്പാതകളും ഓടകളും പദ്ധതിയിലുണ്ട്.കരിമ്പിൻതോട്, മറ്റന്നൂർക്കര, കരിങ്കല്ലുമ്മൂഴി എന്നിവിടങ്ങളിലെ കലുങ്കുകൾ പൊളിച്ച് വീതികൂട്ടി നിർമിക്കും. സ്ഥലം ഏറ്റെടുപ്പ് ഉണ്ടാകില്ല. വനത്തിൽ റോഡ് വീതി കൂട്ടുന്നതിനു ഏറ്റെടുക്കുന്ന ഭൂമിക്ക് പകരമായി മറ്റൊരു സ്ഥലത്ത് വനത്തിനു ഭൂമി കണ്ടെത്തി നൽകും. വെട്ടിമാറ്റുന്ന വൃക്ഷങ്ങൾക്കു പകരം വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കും എന്നാണ് കരാർ.റോഡ് വികസനത്തിനു സൗജന്യമായി സ്ഥലം ലഭ്യമാക്കണം എന്ന നിലപാട് ഏറെ ജനങ്ങൾ തിങ്ങി പാർക്കുന്ന നഗര പ്രദേശമായ ഇവിടെ പ്രായോഗികമല്ല. വളരെ കുറച്ച് സ്ഥലങ്ങളിലാണ് കൂടുതൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്നത്. ഏറ്റെടുക്കുന്ന സ്ഥലത്തിന് സർക്കാർ പരമാവധി നഷ്ടപരിഹാരം നൽകാൻ തയാറാകണമെന്നാവശ്യപ്പെട്ട് പൊതുമരമത്തു വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് മുൻ പഞ്ചായത്ത് ഭരണ സമിതിയും പ്രമേയം പാസാക്കി സർക്കാരിന് സമർപ്പിച്ചിരുന്നു



