കണ്ണൂർ കണ്ണപുരം കീഴറയിൽ വാടക വീട്ടിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവത്തിൽ അനൂപ് മാലിക് പിടിയിൽ. കാഞ്ഞങ്ങാട് നിന്നാണ് അനൂപ് മാലിക് പിടിയിലായത്. സ്ഫോടനത്തിന് ശേഷം പ്രതി ഒളിവിൽ പോയിരുന്നു. പ്രതിയെ കണ്ണപുരത്ത് എത്തിച്ച് വിശദമായി ചോദ്യം ചെയ്യും. സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണ് കൊല്ലപ്പെട്ടിരുന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് കീഴറ സ്വദേശി ഗോവിന്ദന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ വൻ സ്ഫോടനമുണ്ടായത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ വീട് പൂർണമായി തകർന്നു. നിലംപതിച്ച വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മുഹമ്മദ് ആഷാമിന്റെ മൃതദേഹം പുറത്തെടുത്തത്. പൊലീസ് എത്തി നടത്തിയ പരിശോധനയിൽ പൊട്ടിത്തെറിച്ചത് ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുകളെന്ന് കണ്ടെത്തി.

സ്ഫോടക വസ്തുക്കൾ നിർമിച്ച് ശേഖരിച്ചതിലാണ് മാട്ടൂൽ സ്വദേശി അനൂപ് മാലികിനെതിരെ പൊലീസ് കേസെടുത്തത്. പയ്യന്നൂരിൽ സ്പെയർ പാർട്സ് കട നടത്തുന്നയാളെന്ന് വിശ്വസിപ്പിച്ചാണ് അനൂപ് വീട് വാടകക്ക് എടുത്തതെന്നാണ് വീട്ടുടമസ്ഥയുടെ പ്രതികരണം. അനൂപിന്റെ നിർദേശത്തിന് അനുസരിച്ച് സ്ഫോടക വസ്തുകൾ നിർമിച്ചു എത്തിച്ചുനൽകുന്നത് കൊല്ലപ്പെട്ട ആഷാമാണെന്നാണ് കണ്ടെത്തൽ. അനൂപിനെതിരെ സ്ഫോടക വസ്തു നിയമപ്രകാരമുള്ള ആറ് കേസുകൾ നിലവിലുണ്ട്. 2016ൽ കണ്ണൂർ പുഴാതിയിൽ വീടിനുള്ളിൽ സമാന രൂപത്തിൽ സ്ഫോടനം ഉണ്ടായ കേസിലും അനൂപ് മാലിക് പ്രതിയാണ് . ആ സംഭവത്തിൽ ഒരാൾ മരിക്കുകയും അനൂപിന്റെ ഭാര്യക്കും മകൾക്കും പരുക്കേൽക്കുകയും ചെയ്തിരുന്നു.


