ഷെയ്സൺ പി ഔസേഫ് സംവിധാനം ചെയ്ത മലയാളികളായ ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ മുൻകൈയിൽ ഒരുങ്ങിയ ബോളിവുഡ് സിനിമയാണ് ‘ദ ഫെയ്സ് ഓഫ് ദ ഫെയ്സ്ലെസ്’. വിവിധ രാജ്യങ്ങളിൽ നടക്കുന്ന ശ്രദ്ധേയമായ ചലച്ചിത്രമേളയിൽ ഇന്ത്യൻ സിനിമയിൽ നിന്ന് ഇടം നേടിയ ചിത്രം കൂടിയാണിത്.

സംഗീത സംവിധായകൻ അൽഫോൺസ് ജോസഫാണ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയതും പശ്ചാത്തല സംഗീതം നിർവഹിച്ചതും. ചിത്രത്തിനായി അൽഫോൺസ് ഒരുക്കിയ മൂന്ന് ഗാനങ്ങൾ ഒറിജിനൽ സോങ് വിഭാഗത്തിൽ മത്സരിക്കാനുള്ള യോഗ്യത നേടിയിരിക്കുകയാണ്. ഇത് സംബന്ധിച്ച വിവരം ഓസ്കർ സമിതിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. ആകെ 94 ഗാനങ്ങളാണ് ഇപ്പോൾ ഈ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. ‘ഏക് സപ്നാ മേരാ സുഹാന’, ‘ജൽതാ ഹേ സൂരജ്’, മധ്യപ്രദേശിലെ ഗോത്രവർഗവിഭാഗത്തിൻ്റെ തനിമയിൽ തയ്യാറാക്കിയ പാട്ടുകളാണ് ‘ദ ഫെയ്സ് ഓഫ് ദ ഫെയ്സ്സി’ൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ഇരുപത്തിയൊന്നാം വയസ്സിൽ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ഉത്തർപ്രദേശിലെത്തി ഒരു പ്രദേശത്തെ പീഡിത ജനതയ്ക്കായി ജീവിതം ഹോമിച്ച വാഴ്ത്തപ്പെട്ട സിസ്റ്റർ റാണിമരിയയുടെ ത്യാഗോജ്ജ്വലമായ ജീവിതമാണ് ചിത്രത്തിൻ്റെ പ്രമേയം. മലയാളം, ഹിന്ദി, സ്പാനിഷ് ഭാഷകളിൽ ഷൈസൺ പി ഔസേപ്പ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം പ്രദർശനത്തിനെത്തിയപ്പോൾ വളരെ ശ്രദ്ധനേടിയിരുന്നു.
മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ചലച്ചിത്ര താരം വിൻസി അലോഷ്യസാണ് റാണി മരിയയായി അഭിനയിക്കുന്നത്. റാണി മരിയയാകുവാൻ വിൻസി നടത്തിയ മേക്കോവറും ഏറെ ശ്രദ്ധ പിടിച്ചുപ്പറ്റിയിരിക്കുകയാണ്.

ന്യൂയോർക്ക് ഇന്റ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വിൻസി അലോഷ്യസിന് മികച്ച നടിക്കും സംവിധായകൻ ഷൈസൺ പി ഔസേഫിന് മികച്ച നവാഗത സംവിധായകനുമുള്ള അവാർഡുകൾ ലഭിച്ചു. പാരീസ് സിനി ഫിയസ്റ്റയിൽ ‘ബെസ്റ്റ് വുമൻസ് ഫിലിം ‘പുരസ്കാരവും കാനഡയിലെ ടൊറന്റോ ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവലിൽ ‘ബെസ്റ്റ് ഹ്യൂമൻ റൈറ്സ് ഫിലിം’ പുരസ്കാരവും ‘നേടിയത് ഉൾപ്പെടെ മുപ്പതോളം രാജ്യാന്തര പുരസ്കാരങ്ങൾ സിനിമ കരസ്ഥമാക്കി.
1995ൽ മധ്യപ്രദേശിൽ വച്ച് കൊലചെയ്യപ്പെട്ട റാണി മരിയയുടെ ജീവചരിത്രമായ ‘ഫെയ്സ് ഓഫ് ഫെയ്സ്ലെസ്’ ബോംബെയിലെ ട്രൈലൈറ്റ് ക്രിയേഷൻസിന്റെ ബാനറിൽ സാന്ദ്ര ഡിസൂസ രാണ ആണ് നിർമ്മിച്ചത്. ജയപാൽ അനന്തൻ തിരക്കഥയും ദേശീയ പുരസ്കാരം നേടിയ ക്യാമറാമാൻ മഹേഷ് ആനെ ചായാഗ്രാഹണവും നിർവഹിച്ചു. നൂറിലേറെ മലയാള ചലച്ചിത്രങ്ങളുടെ എഡിറ്റിംഗ് നിർവഹിച്ച രഞ്ജൻ എബ്രഹാം ആണ് എഡിറ്റർ. കൈതപ്രത്രമാണ് ഗാനരചന നിർവഹിച്ചത്. നിർമ്മാണ നിർവഹണം ഷാഫി ചെമ്മാട്.
ജീത്ത് മത്താറു (പഞ്ചാബ്), സോനലി മൊഹന്തി (ഒറീസ്സ), പൂനം (മഹാരാഷ്ട്ര), സ്നേഹലത (നാഗ്പൂർ), പ്രേംനാഥ് (ഉത്തർപ്രദേശ്), അജീഷ് ജോസ്, ഫാദർ സ്റ്റാൻലി, അഞ്ജലി സത്യനാഥ്, സ്വപ്ന, ദിവ്യ, മനോഹരിയമ്മ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


