ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന സ്മാർട്ഫോൺ ബ്രാൻഡുകളായി മാറി സാംസങും വിവോയും. ഗവേഷണ സ്ഥാപനമായ കൗണ്ടർ പോയിന്റ് പുറത്തുവിട്ട 2023 ലെ രണ്ടാം പാദ കണക്കുകളിലാണ് ഇത് വ്യക്തമാക്കുന്നത്. സാംസങിന് 18 ശതമാനവും വിവോയ്ക്ക് 17 ശതമാനവുമാണ് വിപണി വിഹിതം. സ്മാർട്ഫോൺ വിപണിയിൽ ആകെ 3 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്. 5ജി സ്മാർട്ഫോണുകളുടെ വിൽപന വർധിക്കുകയും ചെയ്തു (50%).

വളരെ കാലമായി ഇന്ത്യൻ സ്മാർട്ഫോൺ വിപണിയിൽ മുൻനിരയിലുള്ള ബ്രാൻഡാണ് സാംസങ്. ഇടക്കാലത്ത് ഇന്ത്യയിലെ ഒന്നാം നമ്പർ സ്ഥാനം ഷാവോമി കൈക്കലാക്കിയെങ്കിലും ഷാവോമി പിന്നോട്ട് പോയി. 18 ശതമാനം വിപണി വിഹിതമുള്ള സാംസങ് ആണ് ഇന്ത്യയിലെ നമ്പർ വൺ സ്മാർട്ഫോൺ ബ്രാൻഡ്. 17 ശതമാനവുമായി വിവോ (ഐഖൂ ഉൾപ്പടെ) ആണ് രണ്ടാമതുള്ളത്. ഷാവോമി (പോകോ ഉൾപ്പടെ) മൂന്നാം സ്ഥാനത്താണ്. 15 ശതമാനമാണ് ഷാവോമിയുടെ വിപണി വിഹിതം. റിയൽമി നാലാം സ്ഥാനത്തും ഓപ്പോ അഞ്ചാം സ്ഥാനത്തുമാണ്. ഇവർക്ക് യഥാക്രമം 12 ശതമാനം, 11 ശതമാനം വിപണി വിഹിതമുണ്ട്.
റിയൽമി സി53 ആണ് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന സ്മാർട്ഫോൺ. ആകെ കയറ്റുമതിയിൽ 4 ശതമാനമാണ് റിയൽമി സി53 യുടേത്. മൂന്ന് ശതമാനവുമായി സാംസങ് ഗാലക്സി എ14 5ജി, വിവോ വി16, വിവോ ടി2എക്സ് 5ജി, വൺ പ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി സ്മാർട്ഫോണുകൾ തൊട്ടുപിന്നിലുണ്ട്. ഈ സ്മാർട്ഫോണുകളെല്ലാം തന്നെ 10000 രൂപയ്ക്കും 20000 രൂപയ്ക്കും ഇടയിൽ വിലയുള്ളവയാണ്.

30000 രൂപയ്ക്ക് മികളിൽ വിലയുള്ള പ്രീമിയം വിഭാഗത്തിൽ 34 ശതമാനവുമായി സാംസങ് ആണ് മുന്നിൽ. എന്നാൽ 54000 രൂപയ്ക്ക് മുകളിൽ വിലയുള്ള അൾട്രാ പ്രീമിയം വിഭാഗത്തിൽ 59 ശതമാനവുമായി ആപ്പിളാണ് മുന്നിൽ. ആപ്പിളിന്റെ ഏറ്റവും വലിയ അഞ്ചാമത്തെ വിപണിയാണ് ഇപ്പോൾ ഇന്ത്യ.


