ആപ്പിൾ വിഷൻ പ്രോ ഹെഡ്സെറ്റ് ഫെബ്രുവരി 2 മുതൽ വിൽപനയ്ക്കെത്തു. കമ്പനി സിഇഒ ടിം കുക്ക് എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആപ്പിൾ പുറത്തിറക്കുന്ന ആദ്യ വിർച്വൽ റിയാലിറ്റി ഹെഡ്സെറ്റ് ആണിത്. സ്പേഷ്യൽ കംപ്യൂട്ടിങിന്റെ പുതുയുഗപ്പിറവിയായിരിക്കും ഈ ഉപകരണം എന്ന നിലയിലാണ് ആപ്പിൾ വിഷൻ പ്രോ ഹെഡ്സെറ്റ് കഴിഞ്ഞ വർഷം അവതരിപ്പിച്ചത്.

ഹെഡ്സെറ്റിന്റെ വിൽപന ആരംഭിക്കുന്ന തീയ്യതി പ്രഖ്യാപിച്ചുകൊണ്ട് ട്വീറ്റിൽ ടിം കുക്ക് പറയുന്നതും സ്പേഷ്യൽ കംപ്യൂട്ടിങ് യുഗം എത്തിക്കഴിഞ്ഞിരിക്കുന്നു എന്നാണ്. കഴിഞ്ഞ വർഷം ജൂണിലാണ് ടിം കുക്ക് വിഷൻ പ്രോ ഹെഡ്സെറ്റ് അവതരിപ്പിച്ചത്.
3499 ഡോളർ ആണ് (2,91,046 രൂപ) ആപ്പിൾ വിഷൻ പ്രോയുടെ വില. ഇതിനൊപ്പം സെയ്സിൻ്റെ (Zeiss) പ്രിസ്ക്രിപ്ഷൻ ലെൻസുകളും ആളുകൾക്ക് തിരഞ്ഞെടുക്കാം. 149 ഡോളറാണ് ഇതിന് വില.

വിഷൻ പ്രോയുടെ ബേസ് മോഡലിന് 256 ജിബി സ്റ്റോറേജും സോളോ നിറ്റ് ബാൻഡ്, ഡ്യുവൽ ലൂപ്പ് ബാൻഡ്, ലൈറ്റ് സീൽ, ടൂ ലൈറ്റ് സീൽ കുഷ്യനുകൾ, ആപ്പിൾ വിഷൻ പ്രോ കവർ, പോളിഷിങ് ക്ലോത്ത്, ബാറ്ററി, യുഎസ്ബി സി ചാർജിങ് കേബിൾ യുഎസ്ബി സി അഡാപ്റ്റർ തുടങ്ങിയ വിവിധ ആക്സസറികളും ഒപ്പമുണ്ടാവും.
4കെ ഡിസ്പ്ലേയാണ് ഹെഡ്സെറ്റിലുള്ളത്. ഓഗ്മെൻ്റഡ് റിയാലിറ്റിയും വിർച്വൽ റിയാലിറ്റിയും മാറിമാറി ഉപയോഗിക്കാൻ ഉപഭോക്താവിന് സാധിക്കും.

ആപ്പിളിന്റെ എം2, ആർ1 ചിപ്പുകളിലാണ് ഹെഡ്സെറ്റിൻ്റെ പ്രവർത്തനം. ഇതിന് പുറമെ കണ്ണുകൾ, തല, കൈകൾ എന്നിവയുടെ ചലനങ്ങൾ ട്രാക്ക് ചെയ്യാനും ഹെഡ്സെറ്റിന് സാധിക്കും. ഇതുവഴി കൺട്രോളർ ഇല്ലാതെ തന്നെ ഹെഡ്സെറ്റ് നിയന്ത്രിക്കാനുമാവും. ആപ്പിൾ അവതരിപ്പിച്ച പുതിയ വിഷൻ ഓഎസിലാണ്് ഹെഡ്സെറ്റിന്റെ പ്രവർത്തനം. എന്നാൽ ഐഫോൺ, ഐപാഡ് ആപ്പുകൾ ഇതിൽ തടസമില്ലാതെ പ്രവർത്തിക്കും.


