സൗഹൃദ മത്സരം കളിക്കാനുള്ള ലോക ചാമ്പ്യൻമാരായ അർജന്റീനയുടെ ക്ഷണം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ നിരസിച്ച വാർത്ത രാജ്യത്തെ വിവിധ കോണുകളിൽ ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. മത്സരത്തിന് ആതിഥേയത്വം വഹിക്കാനുള്ള ഉയർന്ന ചിലവ് കാരണമായിരുന്നു എഐഎഫ്എഫിന്റെ പിന്മാറ്റമെന്നായിരുന്നു റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ ഇപ്പോഴിതാ അർജന്റീന ദേശീയ ടീമിനെ സൗഹൃദ മത്സരത്തിനായി കേരളത്തിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ് കായിക മന്ത്രി വി. അബ്ദുറഹിമാൻ. ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ച് മന്ത്രി, അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് കത്തയക്കുകയും ചെയ്തു.
ഫേസ്ബുക്കിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അർജന്റീനയെ കേരളം എന്നും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുമെന്നും മത്സരം ഏറ്റെടുത്ത് നടത്താൻ തയ്യാറാകുമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

2022-ലെ ലോകകപ്പ് വിജയത്തിനു പിന്നാലെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ കേരളത്തെയടക്കം പരാമർശിച്ച് നന്ദിയറിയിച്ചിരുന്നു. ഇതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ അർജന്റീന അംബാസഡറെ സന്ദർശിക്കുകയും കേരളത്തിന്റെ ഫുട്ബോൾ വികസനത്തിനായി അർജന്റീനയുമായി സഹകരിക്കുന്നതിനുള്ള താൽപ്പര്യം അറിയിക്കുകയും ചെയ്തിരുന്നുവെന്നും വി. അബ്ദുറഹിമാൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. അന്നും മെസ്സിയേയും കൂട്ടരെയും കേരളത്തിലേക്ക് ക്ഷണിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.

ജൂൺ 12-നും 20-നും ഇടയിൽ അർജന്റീനയ്ക്ക് രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കാനുള്ള സ്ലോട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ലോകകപ്പിൽ ലഭിച്ച വലിയ പിന്തുണ കണക്കിലെടുത്ത് ദക്ഷിണേഷ്യൻ ടീമുകളുമായി ഈ സമയം സൗഹൃദ മത്സരം കളിക്കാനായിരുന്നു അർജന്റീനയ്ക്ക് താത്പര്യം. ഇതിനായി ഇന്ത്യയേയും ബംഗ്ലാദേശിനെയുമാണ് അവർ തിരഞ്ഞെടുത്തത്. അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ഇന്റർനാഷണൽ റിലേഷൻസ് തലവൻ പാബ്ലോ ജാക്വിൻ ഡിയാസ്, ഇക്കാര്യം അഖിലേന്ത്യാ ഫുട്ബോൾ അസോസിയേഷനുമായി സംസാരിക്കുകയും ചെയ്തു. പക്ഷേ കളത്തിലിറങ്ങുന്നതിനായി അർജന്റീന ഫുട്ബോൾ അസോസിയേഷൻ ആവശ്യപ്പെട്ടത് വലിയ തുകയായിരുന്നു. ഇത് കണ്ടെത്താൻ സാധിക്കാതെ വന്നതോടെ ഇന്ത്യ സൗഹൃദ മത്സരത്തിൽ നിന്ന് പിന്മാറുകയായിരുന്നു.


