അപൂർവ രോഗം ബാധിച്ച ആറു വയസ്സുകാരിയുടെ തലച്ചോറിന്റെ പകുതി ചികിത്സയുടെ ഭാഗമായി പ്രവർത്തനരഹിതമാക്കി ഡോക്ടർമാർ. റാസൻസ് എന്സിഫലൈറ്റിസ് (Rasmussen’s Encephalitis) എന്ന രോഗം ബാധിച്ച ബ്രിയാന ബോഡ്ലിയുടെ തലച്ചോറിന്റെ പകുതി ഭാഗമാണ് ചികിത്സയുടെ ഭാഗമായി പ്രവർത്തനരഹിതമാക്കിയത്. 10 മണിക്കൂറോളം നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് തിരികെ ജീവിതത്തിലേക്ക് ബ്രിയാന എത്തിയത്. ലോമ ലിൻഡ യൂണിവേഴ്സിറ്റി ഹെൽത്തിലെ ഡോക്ടർമാരാണ് സർജറിക്ക് പിന്നിൽ പ്രവർത്തിച്ചത്.

രോഗം ഗുരുതരമായാൽ തലച്ചോറിനെ പൂർണമായി ബാധിച്ചേക്കാനിടയുണ്ടെന്നതിനാലാണ് അപൂർവമായൊരു സർജറിയിലേക്ക് ഡോക്ടർമാർ നീങ്ങാനുള്ള കാരണം. തലച്ചോറിന്റെ ഒരു ഭാഗം പ്രവർത്തനരഹിതമാകുമെങ്കിലും ബ്രിയാനയിൽ ഇത് കാര്യമായ മാറ്റങ്ങളുണ്ടാക്കില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.
പാട്ട്, നൃത്തം, വായന തുടങ്ങിയവയിൽ തത്പരയായിരുന്നു ബ്രിയാന. പെട്ടെന്ന് ഒരുനാൾ പുതിയ കാര്യങ്ങളും മറ്റും പഠിക്കാനുള്ള ശേഷി നഷ്ടപ്പെട്ടു. കാൽ എപ്പോഴും മടങ്ങിപോകുന്നത് മൂലം നടക്കാനും ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. രോഗം ബാധിച്ചതോടെ ബ്രിയാനയുടെ തലച്ചോറിന്റെ ഒരുഭാഗം മെല്ലെ ചുരുങ്ങി തുടങ്ങി. രോഗം കൂടുതൽ കാര്യമായി അലട്ടാൻ തുടങ്ങിയതോടെ തലച്ചോറിന്റെ ഒരുഭാഗം പ്രവർത്തനരഹിതമാക്കുക മാത്രമായിരുന്നു പോംവഴിയെന്ന് ഡോക്ടർമാർ പറയുന്നു.
തലച്ചോറിന് സർജറി വേണ്ടിവന്നെങ്കിലും ബ്രിയാനയുടെ ദൈനംദിന ജീവിതത്തെ ഇത് ബാധിക്കില്ലെന്ന് ഡോക്ടർമാർ ഉറപ്പ് നൽകുന്നു. ശരീരത്തിന്റെ ഇടതുഭാഗം ശസ്ത്രക്രിയയുടെ ഭാഗമായി പ്രവർത്തനരഹിതമായിരുന്നു. തെറാപ്പിയിലൂടെ ഇപ്പോൾ ബ്രിയാനയുടെ ആരോഗ്യനിലയിൽ പുരോഗതി രേഖപ്പെടുത്തി കഴിഞ്ഞു.

ഫിസിക്കൽ തെറാപ്പി,സ്പീച്ച് തെറാപ്പി, ഒക്യുപേഷണൽ തെറാപ്പി പോലുള്ളവയിലൂടെ ബ്രിയാന പഴയപടിയാകുമെന്ന പ്രതീക്ഷയാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ പങ്ക് വെയ്ക്കുന്നത്. ബ്രിയാനയുടെ അമ്മയായ ക്രിസ്റ്റ്യൽ ബോഡ്ലി ചികിത്സയിലെ പുരോഗമനങ്ങൾ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്ക് വെയ്ക്കാറുണ്ട്. ബ്രിയാന അനുഭവിച്ചിരുന്ന വേദന കുറയുന്നതായി ഏറ്റവുമൊടുവിലെ കുറിപ്പിൽ അമ്മ കുറിച്ചു. “ബ്രിയാനയ്ക്ക് മുഴുവൻ സമയവും ഉണർന്നിരിക്കാൻ സാധിക്കുന്നു. വേദന കുറഞ്ഞു വരികയാണ്”, കുറിപ്പിൽ അമ്മ പറയുന്നു.


