ഇസ്രായേൽ ആക്രമണം ശക്തമാക്കിയതോടെ ഗാസയുമായുള്ള ആശയവിനിമയോപാധികൾ പൂർണമായും തകർന്നു. വെള്ളിയാഴ്ച തുടർന്ന ഇസ്രായേൽ ബോംബിങ്ങിൽ വാർത്താവിനിമയ സംവിധാനങ്ങൾ തകർന്നതായി പലസ്തീൻ സേവനദാതാക്കളായ പൽടെൽ അറിയിച്ചു. ഗാസയിലുള്ളവരുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് പലസ്തീനികളും സന്നദ്ധസംഘടനകളും മാധ്യമപ്രവർത്തകരും അറിയിച്ചു.

വെള്ളിയാഴ്ച രാത്രി വൈകിയും ഗാസയിൽ കനത്ത വ്യോമാക്രമണമാണ് ഇസ്രയേൽ നടത്തിയത്. കര- വ്യോമ ആക്രമണം തങ്ങൾ ശക്തിപ്പെടുത്തിയതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്സും അറിയിച്ചു. ആശയവിനിമയം നഷ്ടമാവുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ഇന്ധനക്ഷാമം രൂക്ഷമാവുകയും ചെയ്തതോടെ ഗാസയിലെ 23 ലക്ഷത്തോളം വരുന്ന ജനത പുറംലോകത്തിൽനിന്ന് ഒറ്റപ്പെട്ടതായാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ആശയവിനിമയം സാധ്യമല്ലാത്തതിനാൽ ആക്രമണത്തിന്റെ വ്യാപ്തിയും അത്യാഹിതങ്ങളുടെ വിശദവിവരങ്ങളും പുറത്തേക്ക് എത്തുന്നില്ല. ആരോഗ്യസംവിധാനങ്ങളും താറുമാറായി. മൊബൈൽ ലാൻഡ്ലൈൻ- ഇന്റർനെറ്റ് സേവനങ്ങൾ പൂർണ്ണമായും ഇല്ലാതായി. ഇതിനിടെ ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹമാസ് വ്യോമസേനാ മേധാവി അസെം അബു റബാക കൊല്ലപ്പെട്ടു.

ഗാസിയിലുള്ള തങ്ങളുടെ സ്റ്റാഫുകളുമായി ആശയവിനിമയം സാധ്യമാവുന്നില്ലന്ന് ലോകാരോഗ്യസംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് അറിയിച്ചു. ആരോഗ്യപ്രവർത്തകരുടെ ജീവനെച്ചൊല്ലിയും അത്യാവശ്യമുള്ളവർക്ക് ചികിത്സലഭ്യമാക്കുന്നതിലും ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 7300 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.


