പിതാവിൻ്റെ പേരിൽ അറിയപ്പെടുന്ന കഞ്ഞിക്കുഴി പഞ്ചായത്തിലെ ഉമ്മൻചാണ്ടി ട്രൈബൽ കോളനിയിൽ തിരഞ്ഞെടുപ്പ് പ്രചാരണവുമായി മകൻ ചാണ്ടി ഉമ്മൻ. ഇടുക്കി മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥി ഡീൻ കുര്യാക്കോസിന് വേണ്ടിയാണ് പുതുപ്പള്ളി എം.എൽ.എയായ ചാണ്ടി ഉമ്മൻ പ്രചാരണം നടത്തിയത്.

കഞ്ഞിക്കുഴി പഞ്ചായത്തിലെ മഴുവടി കോളനിയാണ് ഉമ്മൻചാണ്ടി കോളനി. യൂത്ത് കോൺഗ്രസ് നേതാവായിരുന്ന കാലം മുതൽ കോളനിയിലെ ജനങ്ങളുമായി വലിയ ആത്മബന്ധം ഉമ്മൻചാണ്ടിക്ക് ഉണ്ടായിരുന്നു. ഇവിടത്തെ ജനങ്ങൾ തനിക്ക് സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെയാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ഇവിടത്തെ ജനങ്ങൾക്ക് വീടും പട്ടയവും ലഭിക്കാൻ ഉമ്മൻചാണ്ടിയുടെ ഇടപെടൽ ഉണ്ടായിട്ടുണ്ട്.

ജപ്തിഭീഷണി നേരിട്ടവർക്കും ഉമ്മൻചാണ്ടി തൻ്റെ സഹായഹസ്തം നീട്ടി. മഴുവടി നിവാസികൾക്ക് തന്റെ പിതാവിനോടുള്ള സ്നേഹമാണ് ഇവിടെ എത്തിയപ്പോൾ തനിക്കും ലഭിക്കുന്ന തെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.

ഉമ്മൻചാണ്ടി മരിച്ചപ്പോൾ ഗോത്രസമൂഹത്തിൻ്റെ പാരമ്പര്യം അനുസരിച്ച് ഏഴ് ദിവസം നോമ്പും വ്രതവും കോളനിനിവാസികൾ അനുഷ്ഠിച്ചിരുന്നു. അദ്ദേഹത്തിന്റെറെ നാൽപ്പതാം ഓർമദിനത്തിൽ ഇവർ പുതുപ്പള്ളി പള്ളിയിൽ എത്തി ഉമ്മൻ ചാണ്ടിയുടെ കബറിടം സന്ദർശിക്കുകയും ചെയ്തു. തന്റെ പിതാവ് ഇടപെട്ടതുപോലെ മഴുവടി നിവാസികളുടെ എല്ലാ വിഷയങ്ങളിലും താൻ തുടർന്ന് ഇടപെടുമെന്ന് ചാണ്ടി ഉമ്മൻ ഉറപ്പുനൽകി.

തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ബൂത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ജയൻ വട്ടശേരിയിൽ അധ്യക്ഷത വഹിച്ചു. എം.എൻ. ഗോപി, എ.പി.ഉസ്മാൻ, അഗസ്തി അഴകത്ത്, അപ്പച്ചൻ ഏറത്ത്, വർഗീസ് സക്കറിയ, സുകുമാരൻ കുന്നുംപുറത്ത്, രാജേശ്വരി രാജൻ, ടോമി താണോലിൽ, ഷീബാ ജയൻ എന്നിവർ പ്രസംഗിച്ചു.


