ഇറാൻ കപ്പലിന് കൊച്ചി തീരത്ത് അഭയം നൽകിയെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ. ഈ മാസം 4ന് ഐറിസ് ലവാൻ കൊച്ചി തീരത്ത് അടുപ്പിച്ചു. കഴിഞ്ഞമാസം 28ന് ഐറിസ് ലവാൻ എന്ന കപ്പൽ തീരത്ത് അടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട അനുമതി ഇറാൻ തേടിയിരുന്നു. കപ്പലിൽ സാങ്കേതിക പ്രശ്നം കണ്ടെത്തിയതിനെ തുടന്നാണ് തീരത്ത് അടുപ്പിക്കാൻ അനുമതി തേടിയത്.കപ്പലിൽ ഉണ്ടായിരുന്ന 183 പേരെ കൊച്ചിയിലെ നാവിക കേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുന്നുവെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. അന്താരാഷ്ട്ര ഫ്ലീറ്റ് റിവ്യൂവിനായി ഈ മേഖലയിലുണ്ടായിരുന്ന കപ്പൽ ആയിരുന്നു ഐറിസ് ലവാൻ.
ഐറിസ് ലവാൻ യുദ്ധ കപ്പൽ ആണ്. മാർച്ച് ഒന്നിനാണ് തീരത്തടിപ്പിക്കാൻ അനുമതി നൽകിയത്. ഐറിസ് ദേനയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ കേന്ദ്ര സർക്കാരിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. ഇന്ത്യൻ നാവികസേനയുടെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര നാവിക അഭ്യാസത്തിന്റെ ഭാഗമായി എത്തിയതായിരുന്നു ഐറിസ് ലവാനും. ആക്രമണ ഭീഷണിയെ തുടർന്ന് ശ്രീലങ്കൻ സമുദ്രാതിർത്തിയിൽ എത്തിയ ഇറാന്റെ രണ്ടാമത്തെ യുദ്ധക്കപ്പൽ സുരക്ഷിതം. ഐറിൻസ് ബുഷെർ യുദ്ധക്കപ്പൽ ട്രിങ്കോമാലി തുറമുഖപ്രദേശത്തേക്ക് മാറ്റിയിരുന്നു. 208 ജീവനക്കാരെ കൊളംബോയിലേക്കും മാറ്റി. അമേരിക്ക ആക്രമിച്ച ഐറിസ് ദേന കപ്പലിന് ഗാലെയ്ക്ക് സമീപം പ്രവേശന അനുമതിയ്ക്കായി 11 മണിക്കൂർ കാത്തിരിക്കേണ്ടി വന്നതിനെ ശ്രീലങ്കൻ പ്രതിപക്ഷം വിമർശിച്ചു.


