ലോകമെമ്പാടുമുള്ള ശുദ്ധജല മത്സ്യങ്ങളുടെ നാലിലൊന്നും (25 %) വംശനാശഭീഷണി നേരിടുന്നതായി റിപ്പോർട്ട്. ഭീഷണി നേരിടുന്നവയിൽ 17 ശതമാനത്തിലും കാലാവസ്ഥാ മാറ്റം, ജലനിരപ്പ്, സമുദ്രനിരപ്പ് വർധന എന്നിവയാണ് പ്രതികൂല ഘടകങ്ങളാവുന്നത്. ഇൻ്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്വറിൻ്റെ (ഐയുസിഎൻ) ചുവപ്പുപട്ടികയെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്.ആഗോള താപനം, അമിത മത്സ്യബന്ധനം, മലിനീകരണം തുടങ്ങിയ വെല്ലുവിളികളും ശുദ്ധജല മത്സ്യങ്ങൾ നേരിടുന്നു.

ഒരുകാലത്ത് വടക്കൻ അമേരിക്കയിലെ ജലാശയങ്ങളിലടക്കം സ്ഥിരസാന്നിധ്യമായിരുന്ന അത്ലാൻ്റിക് സാൽമണും മുൻവർഷങ്ങളിലേതിനേക്കാൾ വലിയ ഭീഷണി നേരിടുന്നുണ്ട്. 2006-നും 2020- നുമിടയിൽ അത്ലാൻ്റിക് സാൽമണുകളുടെ എണ്ണം 23 ശതമാനമായി കുറഞ്ഞു. നേരത്തെ പട്ടികയിൽപ്പെടാതിരുന്ന ഈ മത്സ്യതത്തെയും ഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ പട്ടികയിലേക്ക് ഐയുസിഎൻ ഉൾപ്പെടുത്തുകയായിരുന്നു.
ജലചൂഷണം 45 ശതമാനത്തോളം വരുന്ന ശുദ്ധജലമത്സ്യങ്ങളുടെ നിലനിൽപ്പിനെ ബാധിച്ചു. മലിനീകരണം (57 %), അമിത മത്സ്യബന്ധനം (25%) എന്നിങ്ങനെ പോകുന്നു കണക്കുകൾ. വടക്കൻ യൂറോപ്പിൽ അധിനിവേശ സ്വഭാവമുള്ള പസഫിക് പിങ്ക് സാൽമണുകളും ശുദ്ധജല മത്സ്യങ്ങൾക്ക് ഭീഷണിയുയർത്തി. പല ജീവജാലങ്ങളുടെയും വംശമറ്റുപോകാനുള്ള പ്രധാന കാരണമായിരുന്നു അധിനിവേശ ജീവജാലങ്ങൾ. രോഗബാധ, അധിനിവേശ വിഭാഗങ്ങളുടെ സാന്നിധ്യം എന്നിവ ശുദ്ധജലമത്സ്യങ്ങളുടെ 33 ശതമാനത്തെയാണ് ബാധിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലമത്സ്യങ്ങളിലൊന്നായ മെകോങ് ജയൻ്റ് കാറ്റ്ഫിഷും ഇന്ന് നാശത്തിന്റെ വക്കിലാണ്.

ലോകമൊട്ടാകെ തിരിച്ചറിഞ്ഞ മത്സ്യങ്ങളുടെ പകുതിയിലധികവും ശുദ്ധജലമത്സ്യങ്ങളാണ്. അതിനാൽ തന്നെ ആവാസവ്യവസ്ഥയിൽ ഇവയ്ക്ക് കാതലായ പങ്കുണ്ട്. ശുദ്ധജലമത്സ്യങ്ങളെ കേന്ദ്രീകരിച്ച് ഉപജീവനം നടത്തുന്നവരാണ് ഇതോടെ പ്രതിസന്ധിയിലാവുക. ശുദ്ധജലാശയങ്ങളിലെ ആവാസവ്യവസ്ഥ നല്ല രീതിയിൽ പരിപാലിക്കുകയാണ് വേണ്ടതെന്ന് ഐയുസിഎന്നിലെ വിദഗ്ധർ നിർദേശിക്കുന്നു. ശുദ്ധജലമത്സ്യങ്ങളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നത് ലോകത്താകെയുള്ള മത്സ്യസമ്പത്തിനെയും ബാധിക്കുമെന്നത് തീർച്ചയാണ്.


