വധശിക്ഷ വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിനെ രക്ഷിക്കാൻ മലപ്പുറത്തിൻ്റെ കരുതൽ. കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമാണ് വധശിക്ഷ വിധിക്കപ്പെട്ട് 18 വർഷമായി സൗദി ജയിലിൽ കഴിയുന്നത്.
34 കോടി രൂപ ബ്ലഡ് മണിയായി നൽകിയാൽ അബ്ദുൽ റഹീമിനെ ശിക്ഷയിൽനിന്ന് ഒഴിവാക്കും. നാട്ടുകാരുടെ നേതൃത്വത്തിലുള്ള ധനസമാഹരണത്തിന് താങ്ങായി മലപ്പുറത്തെ യുവജനങ്ങളും രംഗത്തിറങ്ങി. പെരുന്നാൾ ആഘോഷം പോലും മാറ്റിവെച്ചാണ് യുവാക്കൾ ഇറങ്ങിയിട്ടുള്ളത്.

ഏപ്രിൽ 16-ന് വധശിക്ഷ നടപ്പാക്കുമെന്നാണ് സൗദി അറിയിച്ചിട്ടുള്ളത്. 15 വയസ്സുള്ള സൗദി പൗരൻ അനസ് അൽശഹ്രി കൊല്ലപ്പെട്ട കേസിലാണ് അബ്ദുൽ റഹീമിന് സൗദി കോടതി വധശിക്ഷ വിധിച്ചത്. ബ്ലഡ് മണിയായ 34 കോടി സമാഹരിക്കാൻ മലയാളികൾ ഒന്നടങ്കം ചേർന്നിട്ടുണ്ട്. തുക സമാഹരിക്കാനായി വ്യവസായി ബോബി ചെമ്മണ്ണൂർ തിരുവനന്തപുരം മുതൽ കാസർകോട് വരെ യാചകയാത്ര തുടങ്ങിയിട്ടുണ്ട്.
മലപ്പുറത്തുകാർ പെരുന്നാൾദിനം ധനസമാഹരണദിനമാക്കി മാറ്റി. ജില്ലയിൽ പലയിടത്തും ഈദ്ഗാഹുകളിലും പള്ളികളിലും പ്രത്യേക പണപ്പിരിവ് നടത്തി. കാളികാവ് അഞ്ചച്ചവിടി എൻ.എസ്.സി. ക്ലബ്ബ് പ്രവർത്തകർ പെരുന്നാളിന് വിനോദയാത്ര പോകാറുണ്ട്. പതിവ് യാത്ര മാറ്റി ധനസമാഹരണത്തിനായി നിരത്തിലിറങ്ങി.

വാണിയമ്പലം റെയിൽവേ ഗേറ്റിനു സമീപം നടത്തിയ പിരിവിൽ അഞ്ച് മണിക്കൂർ കൊണ്ട് 67000 രൂപ സമാഹരിച്ചു. ഒരു ലക്ഷം രൂപ തികയ്ക്കാനായി വ്യാഴാഴ്ചയും പ്രവർത്തകർ പിരിവെടുത്തു. വിവിധയിടങ്ങളിലായി നടക്കുന്ന ധനസമാഹരണം 14 കോടി രൂപ പിന്നിട്ടു. വിധി നടപ്പിലാക്കുന്നത് ഏപ്രിൽ 30 വരെയെങ്കിലും നീട്ടിക്കിട്ടാൻ എംബസി വഴി ശ്രമവും നടക്കുന്നുണ്ട്.
റഹീം പ്രതിയായത് ഇങ്ങനെ
ജോലിക്കായി അബ്ദുൽ റഹീം റിയാദിലെത്തി 28-ാമത്തെ ദിവസമാണ് അനസിന്റെ മരണം സംഭവിച്ചത്. റഹീമിൻ്റെ സ്പോൺസറായ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാൻ അൽശഹ്രിയുടെ മകനാണ് അനസ്. ചലനശേഷിയില്ലാത്ത അനസിനെ ശുശ്രൂഷിക്കലായിരുന്നു അബ്ദുൽ റഹീമിന്റെ പ്രധാന ജോലി. കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിലൂടെയാണ് അനസിന് ഭക്ഷണവും വെള്ളവും നൽകിയിരുന്നത്.

2006 ഡിസംബറിൽ അനസുമായി ഹൈപ്പർമാർക്കറ്റിലേക്ക് പോകുന്നതിനിടെ ഗതാഗതനിയമം ലംഘിച്ച് വാഹനം ഓടിക്കാൻ അനസ് റഹീമിനെ നിർബന്ധിച്ചു. ആവശ്യം അംഗീകരിക്കാതിരുന്ന റഹീമിൻ്റെ മുഖത്ത് തുപ്പിയ അനസിനെ തടയാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ അനസിൻ്റെ കഴുത്തിൽ ഘടിപ്പിച്ച ജീവൻരക്ഷാ ഉപകരണത്തിൽ കൈ തട്ടിയാണ് മരണം സംഭവിച്ചത്.


