സൂപ്പർ കൂൾ ആയ മനുഷ്യനാണ് തമിഴ് സൂപ്പർതാരം വിജയ് എന്ന് നടി മമിത ബൈജു. വിജയ് നല്ല കേൾവിക്കാരനാണെന്നും മമിത അഭിപ്രായപ്പെട്ടു. തന്റെ കരിയറിലെ അവസാനചിത്രമെന്ന് വിജയ് വിശേഷിപ്പിക്കുന്ന ‘ജനനായക’നിൽ അദ്ദേഹത്തോടൊപ്പം അഭിനയിച്ചതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു മമിത.
‘കൃത്യനിഷ്ടയുള്ള, വളരേ കൂൾ ആയ മനുഷ്യനാണ് അദ്ദേഹം. സെറ്റിൽ എന്തുസംഭവിച്ചാലും ഭയങ്കര കൂൾ ആയിട്ടാണ് ആള് എടുക്കുക’, മമിത പറഞ്ഞു.

‘അദ്ദേഹം നല്ലൊരു കേൾവിക്കാരനാണ്. ഞാൻ എന്തെങ്കിലും വെറുതേ വായ്ത്താളം അടിച്ചുകൊണ്ടിരിക്കും. ‘എന്നിട്ട്, അങ്ങനെ’ എന്ന് പറഞ്ഞ് അത് അദ്ദേഹം കേട്ടുകൊണ്ടിരിക്കും. അത് കഴിഞ്ഞാണ് എനിക്ക് ബോധംവരിക, ഇങ്ങനെ ഒന്നും പറയാൻ പാടില്ലല്ലോ എന്ന്. പക്ഷേ അദ്ദേഹം നല്ല കേൾവിക്കാരനാണ്, സൂപ്പർ കൂൾ മനുഷ്യൻ’, നടി കൂട്ടിച്ചേർത്തു.

എച്ച്. വിനോദ് സംവിധാനംചെയ്യുന്ന ‘ജനനായകൻ’ അടുത്തവർഷം പൊങ്കലിനാണ് പുറത്തിറങ്ങുക. ചിത്രത്തിൽ മമിതയ്ക്ക് പ്രധാനവേഷമുണ്ടെന്നാണ് കരുതുന്നത്. കെവിഎൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വെങ്കട് കെ. നാരായണയാണ് ചിത്രം നിർമിക്കുന്നത്.

ജഗദീഷ് പഴനിസ്വാമി, ലോഹിത് എന്നിവരാണ് സഹനിർമാതാക്കൾ. അനിരുദ്ധ് രവിചന്ദറിന്റേതാണ് സംഗീതം. ചിത്രത്തിൻ്റെ പ്രധാനപ്പെട്ട അപ്‌ഡേറ്റ് ഞായറാഴ്ച വിജയ്‌യുടെ പിറന്നാളിനോട് അനുബന്ധിച്ച് പുറത്തുവിടുമെന്ന് കെവിഎൻ പ്രൊഡക്ഷൻസ് സാമൂഹികമാധ്യമപോസ്റ്റിൽ അറിയിച്ചു.



