ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ഇന്ധന വില ഉടൻ കുതിച്ചുയരുമെന്ന വാർത്ത തള്ളി പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. രാജ്യത്തിന് ആവശ്യത്തിന് എണ്ണ ശേഖരമുണ്ടെന്നും നിലവിൽ വില വർധിപ്പിക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഹ്രസ്വകാല തടസങ്ങളെ നേരിടാൻ കഴിയുമെന്ന വിശ്വാസവും അദ്ദേഹം പങ്കുവച്ചു. സ്റ്റോക്ക് നിരന്തരം പരിശോധിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൾഫ് മേഖലയിലെ പ്രതിസന്ധിയും മാറിവരുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുടേയും പശ്ചാത്തലത്തിൽ ഇന്ധനത്തിന്റെ സ്റ്റോക്ക്, വില, ദീർഘകാലത്തേക്കുള്ള ലഭ്യത എന്നിവയിലൂന്നി പെട്രോളിയം മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ ചർച്ചകൾ നടത്തിയെന്നും ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നുമാണ് മന്ത്രി വ്യക്തമാക്കുന്നത്. അതിനാൽ തന്നെ ഉടനടി ഇന്ധന വില കൂട്ടേണ്ടി വരില്ല. പെട്രോൾ, ഡീസൽ, എടിഎഫ് തുടങ്ങിയവ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും മന്ത്രി പറഞ്ഞു.


