ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണാഫ്രിക്കയിൽ ജി 20 ഉച്ചകോടിയുടെ ഭാഗമായി ലോക നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഭീകരവാദത്തിനെതിരെ സഹകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. ഇന്ത്യ ഭീകരവാദത്തെ വച്ചു പൊറുപ്പിക്കില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. ഭീകരവാദത്തിന്റെ കാര്യത്തിൽ രണ്ട് നിലപാടുകൾ സാധ്യമല്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

നിർമിത ബുദ്ധിയുടെ ദുരുപയോഗം തടയാൻ ആഗോള തലത്തിൽ സംവിധാനം വേണമെന്നും ഇതിനായി ഒരു ആഗോള ഉടമ്പടി വേണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയിൽ പറഞ്ഞു. നിർണായക സാങ്കേതിക വിദ്യകൾ മനുഷ്യ കേന്ദ്രീകൃതമാകണം അല്ലാതെ സാമ്പത്തിക കേന്ദ്രീകൃതമാകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാങ്കേതിക വിദ്യകളുടെ പ്രയോഗം ദേശീയം എന്നതിലുപരി ആഗോളം എന്ന തലത്തിലാക്കണം. സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യുന്നത് തടയാൻ കൃത്യമായി സംവിധാനങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


