ഉത്തർപ്രദേശിൽ ദളിത് സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ശരീരം മൂന്നായി വെട്ടിനുറുക്കി. നാൽപ്പതുവയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. ബാന്ദ ജില്ലയിലാണ് സംഭവം.രാജ്കുമാർ ശുക്ല എന്നയാളുടെ ധാന്യമില്ല് വൃത്തിയാക്കാനെത്തിയതായിരുന്നു കൊല്ലപ്പെട്ട സ്ത്രീ. കുറച്ചുസമയത്തിനു ശേഷം ഇവരുടെ ഇരുപതുവയസ്സുകാരിയായ മകൾ ഇവിടേക്കെത്തി. അപ്പോൾ അകത്തുനിന്ന് അമ്മയുടെ നിലവിളി യുവതി കേട്ടിരുന്നു. മുറി അകത്തുനിന്ന് കുറ്റിയിട്ട നിലയിലുമായിരുന്നു.

കുറച്ചുസമയത്തിനുശേഷം മുറി തുറക്കപ്പെട്ടപ്പോൾ മകൾ കണ്ടത് അമ്മയുടെ മൃതദേഹം കഷ്ണങ്ങളായി കിടക്കുന്നതാണ്. കൊല്ലപ്പെട്ട സ്ത്രീയുടെ മകൾ തന്നെയാണ് പിന്നീട് പോലീസിൽ വിവരമറിയിച്ചത്.ധാന്യമില്ല് ഉടമ രാജ്കുമാർ, ഇയാളുടെ സഹോദരൻ ബൗവാ ശുക്ല, രാമകൃഷ്ണ ശുക്ല എന്നിവർക്കെതിരേ കേസ് എടുത്തതായി ഗിർവാൻ സ്റ്റേഷൻ ഹൗസ് ഓഫീസർ സന്ദീപ് തിവാരി പറഞ്ഞു. പ്രതികൾ ഒളിവിലാണെന്നും കേസിൽ ഇതുവരെ ആരേയും അറസ്റ്റുചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, വിഷയത്തിൽ യു.പി സർക്കാരിനെ കടന്നാക്രമിച്ച് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തി. ഉത്തർപ്രദേശിലെ സ്ത്രീകൾക്ക് സർക്കാരിലുള്ള വിശ്വാസം പൂർണമായി നഷ്ടപ്പെട്ടെന്നും അവർ പ്രതിഷേധത്തിലും ഭയത്തിലുമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.യു.പി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി- ബി.എച്ച്.യുവിൽ വിദ്യാർഥിനിയെ ഉപദ്രവിച്ചെന്ന ആരോപണത്തിൽ പ്രതിഷേധം കനക്കുന്നതിനിടെയാണ് പുതിയ സംഭവം. അജ്ഞാതരായ മൂന്നുപേർ ചേർന്ന് വിദ്യാർഥിനിയെ ചുംബിക്കുകയും നഗ്നയാക്കി ദൃശ്യങ്ങൾ പകർത്തിയെന്നുമാണ് പരാതി. നൂറുകണക്കിന് വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തുണ്ട്.


